'സഞ്ജുവിനുള്ളത് വലിയ ഉത്തരവാദിത്തം'; സിഎസ്കെ സീനിയർ താരങ്ങൾക്കെതിരെ അനിൽ കുംബ്ലെ

ചെന്നൈയുടെ ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും വിമർശിച്ചുകൊണ്ട് അനിൽ കുംബ്ലെ രംഗത്ത്

'സഞ്ജുവിനുള്ളത് വലിയ ഉത്തരവാദിത്തം'; സിഎസ്കെ സീനിയർ താരങ്ങൾക്കെതിരെ അനിൽ കുംബ്ലെ
dot image

രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി റെക്കോർഡ് ട്രേഡിങ്ങിലൂടെയാണ് ചെന്നൈ മുൻ രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസണെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചത്. എന്നാൽ, ധോണിയുടെ പകരക്കാരനായി കണക്കാക്കപ്പെടുന്ന സഞ്ജുവിന് ഇതുവരെ ആ മഞ്ഞക്കുപ്പായത്തിൽ തിളങ്ങാനായിട്ടില്ല. ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെയും അവസ്ഥയും സാമാനം തന്നെ. ഈ സാഹചര്യത്തിൽ ചെന്നൈയുടെ ഓപ്പണിംഗ് ജോഡികളായ സഞ്ജു സാംസണെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും വിമർശിച്ചുകൊണ്ട് അനിൽ കുംബ്ലെ രംഗത്തെത്തി.

കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വദും ചേർന്ന് ആകെ നേടിയത് വെറും 62 റൺസ് മാത്രമായിരുന്നു. അതിൽ 41 റൺസാണ് നായകൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ സമ്പാദ്യം. താരമെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും റുതുരാജ് വലിയ പരാജയമായിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ഏഴ് മത്സരങ്ങളാണ് റുതുരാജിന്റെ കീഴിൽ ചെന്നൈ നിര തോറ്റത്. ഇതുവരെ ഒരു സീസണിലും ആദ്യത്തെ മൂന്ന് കളിയിൽ പരാജയപ്പെട്ടുകൊണ്ട് ചെന്നൈ തുടക്കം കുറിച്ചിട്ടില്ല.

'ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കയാണ് അവരുടെ മുന്നിലുള്ളത്. ടീമിലെ ഏറ്റവും പരിചയസമ്പന്നരായ രണ്ട് ബാറ്റർമാരാണ് സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും. ആദ്യ മൂന്ന് മത്സരങ്ങളിലും അവർക്ക് ഫോമിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് കാര്യങ്ങൾ സങ്കീർണ്ണമാക്കും. സഞ്ജുവിനെയും എം.എസ്. ധോണിയെയും മാറ്റിനിർത്തിയാൽ ബാറ്റിംഗ് നിരയിലെ മറ്റുള്ളവർ തികച്ചും യുവതാരങ്ങളാണ്', സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയ്ക്കിടെ ചെന്നൈയുടെ യഥാർത്ഥ പ്രതിസന്ധിയെക്കുറിച്ച് കുംബ്ലെ വിശദീകരിച്ചു.

'പരിചയസമ്പന്നരായ താരങ്ങളിൽ ഒരാളെങ്കിലും ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു വലിയ ഇന്നിംഗ്‌സ് കളിക്കേണ്ടത് ചെന്നൈയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. നിർഭാഗ്യവശാൽ ആദ്യ മൂന്ന് മത്സരങ്ങൾ എടുത്ത് നോക്കുമ്പോൾ കാര്യങ്ങൾ ചെന്നൈയുടെ വഴിക്ക് വന്നില്ല. സീസണിന്റെ തുടക്കമാണെങ്കിലും, പിഴവുകൾ വേഗത്തിൽ തിരുത്തി മുന്നേറാൻ സിഎസ്കെയ്ക്ക് സാധിക്കേണ്ടതുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

ഒപ്പമുള്ള യുവതാരങ്ങൾക്ക് മികച്ച അടിത്തറ നൽകാൻ ഇവർക്ക് സാധിക്കുന്നില്ലെങ്കിൽ അത് ചെന്നൈയ്ക്ക് വലിയ വെല്ലിവിളിയായി മാറുമെന്ന് കുംബ്ലെ മുന്നറിയിപ്പ് നൽകി. വാൾഡ് ബ്രെവിസും മഹേന്ദ്ര സിങ് ധോണിയും അടുത്ത മത്സരത്തിൽ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ധോണി എന്തുവന്നാലും ഇറങ്ങണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം ആരാധകർക്കും ഉള്ളത്. ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഒരു തിരിച്ചുവരവിനായി കിണഞ്ഞ് പരിശ്രമിക്കുന്ന സിഎസ്കെയ്ക്ക് ഇനിയുള്ള മത്സരം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്.

Content highlight: Anil Kumble highlights isuues with Sanju Samson and Ruturaj Gaikwad opening duo

dot image
To advertise here,contact us
dot image