

ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് താരം ആയുഷ് മാത്രെ. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വേണ്ടി തകർപ്പൻ അർധ സെഞ്ച്വറിയാണ് ഇന്ത്യയുടെ അണ്ടർ 19 ക്യാപ്റ്റൻ കൂടിയായ ആയുഷ് സ്വന്തമാക്കിയത്. വണ്‍ഡൗണായി എത്തി 43 പന്തില്‍ 73 റണ്‍സെടുത്ത ആയുഷാണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
29 പന്തിലാണ് മാത്രെ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇപ്പോഴിതാ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആയുഷ്. ഇതോടെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് ആയുഷ് സ്വന്തം പേരിലെഴുതിച്ചേർത്തു. പഞ്ചാബിനെതിരെ ഫിഫ്റ്റി കുറിക്കുമ്പോൾ 18 വയസ്സും 261 ദിവസവുമായിരുന്നു ആയുഷിന്റെ പ്രായം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്സിനെതിരെ 210 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ അര്‍ധ സെഞ്ച്വറിയും ദുബെയുടെ അപരാജിത ഇന്നിങ്സുമാണ് ചെന്നൈയ്ക്ക് കരുത്തായത്.
മലയാളി താരം സഞ്ജു സാംസണ് ചെന്നൈ കുപ്പായത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ സഞ്ജു ഏഴ് പന്തില്‍ ഏഴ് റണ്‍സെടുത്ത് മടങ്ങി. രണ്ടാം ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ പ്രഭ്സിമ്രാന് ക്യാച്ചെടുത്ത് മടക്കുകയായിരുന്നു സേവ്യര്‍ ബാര്ട്ലറ്റിനാണ് വിക്കറ്റ്.
Content Highlights: IPL 2026, CSK vs PBKS: Ayush Mhatre Scripts History, became the youngest player to score a fifty at Chepauk