ഓ മുംബൈ മേരി പ്യാരീ മുംബൈ...; കൊല്‍ക്കത്തയെ തകർത്ത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് വിജയത്തുടക്കം

മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും റയാന്‍ റിക്കിള്‍ട്ടണും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികള്‍ നേടി

ഓ മുംബൈ മേരി പ്യാരീ മുംബൈ...; കൊല്‍ക്കത്തയെ തകർത്ത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന് വിജയത്തുടക്കം
dot image

2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് വിജയത്തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും വരവറിയിച്ചത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 221 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും റയാന്‍ റിക്കിള്‍ട്ടണും വെടിക്കെട്ട് അര്‍ധ സെഞ്ച്വറികള്‍ നേടി.

ഓപ്പണിങ് കൂട്ടികെട്ടിൽ രോഹിത് ശർമയും ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾട്ടണും ചേർന്ന് ഒരുക്കിയ 148 റൺസ് പാർട്ണർഷിപ്പ് മുംബൈയുടെ ജയം അനായാസമാക്കി. 12-ാം ഓവറില്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് കൂട്ടുകെട്ട് തകർക്കാന്‍ സാധിച്ചത്. 38 പന്തില്‍ 78 റണ്‍സ് അടിച്ചെടുത്ത രോഹിത്തിനെ വൈഭവ് അറോറ മടക്കി. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്‌സ്.

പിന്നാലെ ഇംപാക്ട് പ്ലെയറായി എത്തിയ സൂര്യകുമാര്‍ യാദവിന് (16) തിളങ്ങാനായില്ല. 16-ാം ഓവറില്‍ റിക്കിള്‍ട്ടണും മടങ്ങി. എട്ട് സിക്‌സും നാല് ഫോറും നേടിയ റിക്കിള്‍ട്ടണെ അനുകൂല്‍ റോയ് റണ്ണൗട്ടാക്കി. വിജയത്തിനടുത്ത് തിലക് വര്‍മ (20) വീണെങ്കിലും ഹാര്‍ദിക് പാണ്ഡ്യ (18), നമന്‍ ധിര്‍ (5) സഖ്യം മുംബൈയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കെകെആര്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് അടിച്ചെടുത്തത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, അംഗ്കൃഷ് രഘുവംശി എന്നിവര്‍ അർധ സെഞ്ച്വറി നേടിത്തിളങ്ങി. 40 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും സഹിതം 67 റണ്‍സെടുത്ത രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 29 പന്തില്‍ 51 റണ്‍സുമായി രഘുവംശിയും മികച്ച സംഭാവന നല്‍കി.

Content Highlights: IPL 2026, MI vs KKR: Rohit, Rickelton half-centuries help Mumbai Indians seal comfortable chase against Kolkata Knight Riders

dot image
To advertise here,contact us
dot image