

ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിക്ക് ഭീഷണി വിട്ടൊഴിയാതെ ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിലെ ആദ്യ മത്സരത്തിന് മുൻപ് സിഎസ്കെയ്ക്ക് വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഇതിഹാസതാരം എം എസ് ധോണിക്ക് ശേഷം ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസിനും പരിക്ക് സ്ഥിരീകരിച്ചിരിക്കുകയാണ്.
മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന ആദ്യ മത്സരത്തില്‍ ബ്രെവിസ് കളിക്കില്ല. പേശീവലിവാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. സീസണിലെ ആദ്യ പോരാട്ടത്തിൽ പ്രോട്ടിയാസ് താരം പുറത്തിരിക്കേണ്ടിവരുമെന്ന് മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. പത്തൊമ്പതാം സീസണിലെ ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ വരെ ബ്രെവിസിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണിലെ മിന്നും പ്രകടനം പുറത്തെടുത്ത ബ്രെവിസിനെ 2.20 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ ആറ് മത്സരങ്ങളില്‍ നിന്ന് 180 സ്‌ട്രൈക്ക് റേറ്റില്‍ 225 റണ്‍സാണ് ബ്രെവിസ് അടിച്ചെടുത്തത്. അടുത്തിടെ നടന്ന ടി20 ലോകകപ്പിലും താരം മികച്ച ഫോമിലായിരുന്നു. ബ്രെവിസിന്റെ അഭാവം ചെന്നൈയുടെ മധ്യനിരയെ കാര്യമായി ബാധിക്കാനാണ് സാധ്യത.
പരിശീലനത്തിനിടെ കാലിന് പരിക്കേറ്റ മുൻ നായകൻ എംഎസ് ധോണിക്ക് സീസണിലെ ആദ്യ ആറ് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. 44-കാരനായ ധോണിയുടെ കരിയറിലെ അവസാന ഐപിഎല്‍ സീസണായിരിക്കുമിതെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ ഈ പരിക്ക് ആരാധകരെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
Content Highlights: Another blow for CSK, After MS Dhoni, Dewald Brevis to also miss IPL 2026 clash vs Rajasthan Royals