

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷ സാഹചര്യത്തില്‍ ഇന്ധനക്ഷാമ സാധ്യതകള്‍ ചര്‍ച്ചയാകുന്നതിനിടെ, റഷ്യ പെട്രോള്‍ കയറ്റുമതിയില്‍ ഇടവേളയെടുക്കുന്നുവെന്ന റിപ്പോര്‍ട്ട് ആശങ്കയാകുന്നു. ആഭ്യന്തര വിപണിയിലെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഇന്ധനവില നിയന്ത്രിക്കുന്നതിനുമായി ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെ പെട്രോള്‍ കയറ്റുമതി നിരോധിക്കാനാണ് റഷ്യയുടെ തീരുമാനം. റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് ആണ് ഇത് സംബന്ധിച്ച നിര്‍ദേശം ഊര്‍ജ്ജ മന്ത്രാലയത്തിന് നല്‍കിയത്. മോസ്‌കോയില്‍ വെള്ളിയാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം.

ഇസ്രായേലും ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ ആഗോള എണ്ണ വിപണിയില്‍ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയില്‍ പെട്രോള്‍ വില വര്‍ധിക്കാതിരിക്കാനും സാധാരണക്കാര്‍ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാനും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കയറ്റുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളെത്തുടര്‍ന്ന് റഷ്യയിലെ ചില റിഫൈനറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടപ്പോഴും സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യമായ ഇന്ധനശേഖരം രാജ്യത്തുണ്ടെങ്കിലും, മുന്‍കരുതല്‍ എന്ന നിലയിലാണ് കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തുന്നത്.
ദിവസവും 1.2 ലക്ഷം മുതല്‍ 1.7 ലക്ഷം ബാരല്‍ വരെ പെട്രോള്‍ റഷ്യ കയറ്റുമതി ചെയ്യുന്നുണ്ട്. റഷ്യയുടെ തീരുമാനം ചൈന, തുര്‍ക്കി, ബ്രസീല്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നിവരെയാണ് പ്രധാനമായും ബാധിക്കാന്‍ സാധ്യത. റഷ്യന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കളാണ് ഈ രാജ്യങ്ങള്‍. കഴിഞ്ഞ വര്‍ഷം മാത്രം റഷ്യ ഏകദേശം 50 ലക്ഷം മെട്രിക് ടണ്‍ പെട്രോളാണ് ആഗോള വിപണിയില്‍ എത്തിച്ചത്.
റഷ്യയുടെ പെട്രോള്‍ കയറ്റുമതി നിരോധനം ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യ റഷ്യയില്‍നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് അസംസ്‌കൃത എണ്ണയാണ്, അല്ലാതെ ശുദ്ധീകരിച്ച പെട്രോളല്ല. സ്വന്തമായി മികച്ച റിഫൈനറി സംവിധാനങ്ങള്‍ ഉള്ളതിനാല്‍ അസംസ്‌കൃത എണ്ണ വാങ്ങി ഇവിടെത്തന്നെ ശുദ്ധീകരിച്ച് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ക്രൂഡ് ഓയില്‍ കയറ്റുമതിക്ക് റഷ്യ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ റഷ്യയുടെ നടപടി ഇന്ത്യന്‍ വിപണിയില്‍ പെട്രോള്‍ ക്ഷാമത്തിനോ വിലക്കയറ്റത്തിനോ കാരണമാകാന്‍ സാധ്യതയില്ല.
റഷ്യയുടെ യുറാല്‍സ് ക്രൂഡ് ഓയില്‍ നിലവില്‍ അന്താരാഷ്ട്ര വിപണിയിലെ 'ബ്രന്റ് ക്രൂഡിന് സമാനമായോ അതിലധികമോ വിലയ്ക്കാണ് വ്യാപാരം ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. പെട്രോളും ഡീസലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും, റിഫൈനറികള്‍ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ എണ്ണ കയറ്റുമതിയില്‍ ഇനിയും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് അലക്‌സാണ്ടര്‍ നൊവാക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content highlights: Russia to stop petrol export from April 1; Which countries will be most affected? Is India one of them?