

ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന്റെ തുടക്കത്തിൽ തന്നെ താരങ്ങളുടെ പരിക്കിൽ വലയുകയാണ് ടീമുകൾ. പരുക്കേറ്റും മറ്റു കാരണങ്ങളാലും താരങ്ങൾ പിൻമാറുമ്പോൾ പകരക്കാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ഫ്രാഞ്ചൈസികൾ. സിംബാബ്‍വെ താരം ബ്ലസിങ് മുസറബനിയും ഓസ്ട്രേലിയയുടെ സ്പെന്‍സർ ജോൺസണും അടക്കം വന്നപ്പോൾ, ഐപിഎലിൽ പകരക്കാരായി കളിക്കാനുള്ള അവസരം വേണ്ടെന്നു വച്ചിരിക്കുകയാണ് രണ്ട് ഇംഗ്ലണ്ട് താരങ്ങൾ.
ജെയ്മി സ്മിത്തും ജോഷ് ടോങ്ങുമാണ് ഐപിഎൽ ഓഫർ വേണ്ടെന്നുവച്ചത്. ഓഫർ നിരസിക്കാനുള്ള കാരണം എന്താണെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ലെന്ന് ഒരു രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. ലേലത്തിൽ പങ്കെടുത്തപ്പോൾ ആരും വിളിക്കാത്തത് മൂലമുള്ള അമർഷമാണെന്ന് സൂചനയുണ്ട്.
ഇരുവരും ഐപിഎൽ താരലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും ആരും വാങ്ങിയിരുന്നില്ല. ലേലത്തിൽ സ്മിത്തിന് രണ്ടു കോടി രൂപയായിരുന്നു അടിസ്ഥാന വില. ടോങ്ങിന് 1 കോടിയായിരുന്നു വില. എന്നാൽ രണ്ടു താരങ്ങളിലും ഒരു ഫ്രാഞ്ചൈസിക്കും താൽപര്യമുണ്ടായിരുന്നില്ല.
വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ഐപിഎൽ വിട്ട ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റിനു പകരമായാണ് ഇംഗ്ലിഷ് താരങ്ങളെ തന്നെ ഐപിഎലിൽ കളിപ്പിക്കാൻ ശ്രമിച്ചതെന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡൽഹി ക്യാപിറ്റൽസിന്റെ ഓഫർ താരങ്ങൾ തള്ളിക്കളഞ്ഞതോടെ, പുതിയ കളിക്കാരനുവേണ്ടിയുള്ള അന്വേഷണത്തിലാണു ഫ്രാഞ്ചൈസി.
Content Highlights:ipl 2026 england players jamie smith josH tongue refuse replacement offers