

വീണ്ടും വിവാദപരാമർശവുമായി ഇന്ത്യയുടെ മുൻ താരവും യുവരാജ് സിംഗിന്റെ പിതാവുമായ യോഗ്‌രാജ് സിംഗ്. ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങൾ കരിയറിൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് കാരണം അവരുടെ ഭാര്യമാരാണെന്നാണ് യോഗ്‌രാജ് സിംഗ് പറയുന്നത്. കായിക താരങ്ങളുടെ കാര്യങ്ങളിൽ വീട്ടിലെ സ്ത്രീകൾ ഇടപെടരുത് എന്ന അർത്ഥത്തിൽ അദ്ദേഹം നടത്തിയ 'സെക്സിസ്റ്റ്' പരാമർശം ഇപ്പോൾ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.
ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രതികരണം. സ്ത്രീകളും കുട്ടികളും കാരണമാണ് ക്രിക്കറ്റ് താരങ്ങൾ വിരമിക്കൽ പ്രഖ്യാപിക്കുന്നത് എന്ന് യുവരാജ് സിംഗിന്റെ പിതാവ് ആരോപിച്ചു. കായിക താരത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഭാര്യമാരല്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പ്രായമല്ല, ഫിറ്റ്‌നസും പ്രകടനവുമാണ് ഒരു കളിക്കാരന്റെ കരിയറിന്റെ യഥാർത്ഥ മാനദണ്ഡം എന്ന് അദ്ദേഹം പറഞ്ഞു.
യോഗ്‌രാജ് സിംഗ് പറഞ്ഞു, 'ഇന്ത്യയിൽ 40 വയസ്സിനുശേഷം ആളുകൾക്ക് പ്രായമാകാൻ തുടങ്ങുന്നു. 30 വയസ്സിനു ശേഷം സ്ത്രീകൾ പറയുന്നത് അവർക്ക് ഇനി ഫിറ്റ്നസ് നിലനിർത്താൻ കഴിയില്ലെന്നും അവരുടെ കുട്ടികൾ വളർന്നുവരികയാണെന്നുമാണ്. എന്നാൽ സ്പോർട്സിനെ പ്രായവുമായി ബന്ധപ്പെടുത്തുന്നത് പൂർണ്ണമായും തെറ്റാണ്'.
'പലപ്പോഴും, വീട്ടിലെ സ്ത്രീകൾ, പ്രത്യേകിച്ച് ഭാര്യമാർ താരങ്ങളോട് വിരമിക്കാനും നിങ്ങളുടെ കുടുംബത്തിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. ഒരു കായികതാരത്തിനും അവരുടെ കരിയറിനും ഇടയിൽ സ്ത്രീകൾ വരരുതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കളിക്കാരനും മതമോ വർഗ്ഗമോ ഇല്ല, അവർ ദൈവത്തിന്റേതാണ്. അവർ ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും', യോഗ്‌രാജ് സിംഗ് പറഞ്ഞു.
Content Highlights: Yograj Singh blames ‘wives’ for retirement of cricketers, sparks row with sexist remark