

ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 201 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 38 പന്തില്‍ 80 റണ്‍സെടുത്തു.
ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രജതിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ആര്‍സിബി ബൗളര്‍ ജേക്കബ് ഡഫിയുടെ പ്രകടനം. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയാണ് കിവീസ് പേസർ ഐപിഎല്ലിലേക്കുള്ള വരവറിയിച്ചത്.
ഓപ്പണർമാരായി കളത്തിലിറങ്ങിയ അഭിഷേക് ശർമയും ട്രാവിസ് ഹെഡും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ജേക്കബ് ഡഫി എറിഞ്ഞ മൂന്നാം ഓവറിൽ ട്രാവിസ് ഹെഡ് (9 പന്തിൽ 11 റൺസ്) അഭിഷേക് ശർമ (8 പന്തിൽ 7 റൺസ്) എന്നിവരെ പുറത്താക്കി മത്സരം ബെംഗളൂരുവിന്റെ വരുതിയിലാക്കി. നാലാം ഓവറിൽ നിതീഷ് കുമാർ റെഡ്ഡിയെ ഒരു റൺസിന് പുറത്താക്കി വീണ്ടും ജേക്കബ് ഡഫി ഞെട്ടിച്ചു.
22 പന്തില്‍ 31 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസണ്‍, 18 പന്തില്‍ 43 റണ്‍സ് നേടിയ അനികേത് വര്‍മ എന്നിവരുടെ ബാറ്റിങും സണ്‍റൈസേഴ്‌സിന് രക്ഷയായി. സാഹില്‍ അറോറ-ആറു പന്തില്‍ ഒമ്പത്, ഹാര്‍ഷ് ദുബെ-മൂന്ന് പന്തില്‍ മൂന്ന്, ഹര്‍ഷല്‍ പട്ടേല്‍-രണ്ട് പന്തില്‍ പൂജ്യം, ഡേവിഡ് പെയ്ന്‍-അഞ്ച് പന്തില്‍ ആറു നോട്ടൗട്ട്, ജയ്‌ദേവ് ഉനദ്കത്-മൂന്ന് പന്തില്‍ നാലു നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ആര്‍സിബിക്കു വേണ്ടി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlights: IPL 2026, RCB vs SRH; Ishan Kishan and Aniket Verma fire for SunRisers