

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർദിക് പാണ്ഡ്യ വീണ്ടും ക്രിക്കറ്റ് ആരാധകരുടെ മനം കവരുകയാണ്. തനിക്ക് നൽകിയ പിന്തുണയ്ക്ക് പകരമായി വാംഖഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നൽകിയ വാക്ക് പാലിച്ചാണ് താരം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തിൽ ഹാർദിക് കഠിനമായ പരിശീലനം നടത്തിയിരുന്നു. അർദ്ധരാത്രി വരെ നീളുന്ന പരിശീലന സെഷനുകളിൽ തനിക്ക് എല്ലാ സഹായവും നൽകിയ ഗ്രൗണ്ട് സ്റ്റാഫിനോട് തിരികെ വരുമ്പോൾ അവർക്ക് അർഹമായ പ്രതിഫലം നൽകുമെന്ന് ഹാർദിക് ഉറപ്പ് നൽകിയിരുന്നു.
നൽകിയ വാക്ക് മറക്കാതെ, ഐപിഎൽ 2026 ആരംഭിക്കുന്നതിന് മുന്നോടിയായി ഓരോ ഗ്രൗണ്ട് സ്റ്റാഫിനും 10 ലക്ഷം രൂപ വീതമുള്ള ചെക്കുകളാണ് ഹാർദിക് സമ്മാനിച്ചത്. ഏകദേശം 10-11 ജീവനക്കാർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.
നേരത്തെ ടി 20 ലോകകപ്പിന് ശേഷം ഹാർദിക് തന്റെ കാമുകി മഹിക ശർമയുമെത്ത് ഗ്രൗണ്ടിൽ നടത്തിയ ആഘോഷ പ്രകടനങ്ങൾ വിവാദമായിരുന്നു. ആ വിവാദക്കറ കൂടിയായാണ് ഹാർദിക് കഴുകി കളഞ്ഞത്.
അതേസമയം ലോകകപ്പിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പാണ്ഡ്യ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തുകയും രണ്ട് അർധ സെഞ്ചുറികൾ നേടുകയും ചെയ്തിരുന്നു. 2024 ലോകകപ്പിൽ 11 വിക്കറ്റുകളും 144 റൺസും നേടി പാണ്ഡ്യ മിന്നും പ്രകടനം നടത്തിയിരുന്നു. ഐ പി എല്ലിൽ മികച്ച പ്രകടനത്തോടെ മുംബൈ ഇന്ത്യൻസിനെ ആറാം കിരീടത്തിലേക്ക് നയിക്കുകയാണ് ഇപ്പോൾ താരത്തിന്റെ ലക്ഷ്യം.
Content Highlights:hardik pandya rewards wankhede ground staff 10 lakh each ipl 2026