

തമിഴ്നാട് തെരഞ്ഞെടുപ്പിലെ വിജയ്‌യുടെ വമ്പൻ വിജയത്തിൽ പ്രതികരിച്ച് നടനും ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. തനിക്ക് വിജയ്‌യോട് അസൂയ തോന്നുന്നെന്നും താൻ 15 വർഷത്തോളം തെരുവിൽ ഇറങ്ങി കഷ്ടപ്പെട്ടാണ് രാഷ്ട്രീയം കെട്ടിപ്പടുത്തതെന്നും, എന്നാൽ വിജയ്‌യുടെ പാർട്ടി കട്ടൗട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ വിജയം നേടിയെന്നും പവൻ കല്യാൺ തമാശരൂപേണ പറഞ്ഞു.
'ഈ കഴിഞ്ഞ ദിവസങ്ങളിലെ തമിഴ്നാട് രാഷ്ട്രീയം ഞാൻ നോക്കുകയായിരുന്നു. അവർ അത് എത്ര നിസാരമായാണ് ചെയ്തത്. എനിക്ക് അസൂയ തോന്നി. കട്ടൗട്ടുകളും ഹോളോഗ്രാമുകളും വെച്ച് വിജയ് മുഖ്യമന്ത്രിയായി. ഞാൻ 15 വർഷമായി തെരുവുകളിൽ അലഞ്ഞുനടന്നു, പക്ഷേ നമ്മൾ മാനുഷികമായി ചിന്തിക്കേണ്ടതുണ്ട്. എന്തെങ്കിലും പറയണമെങ്കിൽ നിങ്ങൾക്ക് വളരെയധികം അറിവ് ആവശ്യമാണ്. എന്തിനാണ് ഞാൻ 15 വർഷം ഇത്രയധികം കഷ്ടപ്പെട്ടത്?. കാരണം ഒരു പാര്‍ട്ടി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷകള്‍ എന്തൊക്കെയാണെന്ന് മനസിലാക്കേണ്ടതുണ്ട്', പവൻ കല്യാണിന്റെ വാക്കുകൾ.

തമിഴ്നാട് രാഷ്ട്രീയത്തിൽ ദശകങ്ങളായി ആധിപത്യം പുലർത്തിയിരുന്ന ഡിഎംകെയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തിയാണ് 2024-ൽ രൂപീകരിച്ച ടിവികെ ഈ ചരിത്രനേട്ടം കൈവരിച്ച് വിജയ്‌യുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതും. എംജിആർ, എൻ ടി രാമറാവു, ജയലളിത തുടങ്ങിയ ഇതിഹാസ താരങ്ങളുടെ രാഷ്ട്രീയ പ്രവേശത്തിന് സമാനമായ രീതിയിലാണ് വിജയ്‌യുടെയും വളർച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്. 2014 ൽ ആണ് പവൻ കല്യാൺ ജന സേന പാർട്ടി ആരംഭിച്ചത്.
Content Highlights: Actor-politician Pawan Kalyan made a candid remark about Vijay’s political rise, stating that he felt jealous seeing Vijay achieve success with ease while he had spent nearly 15 years struggling on the political streets. The statement has sparked wide discussions online.