

ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയ ട്രെയിനാണ് വന്ദേ ഭാരത്. പറഞ്ഞുവരുമ്പോൾ നമുക്ക് നിലവിൽ ഉള്ള ശതാബ്‌ദി ട്രെയിനുകളുടെ ഒരു അപ്ഗ്രേഡഡ് വേർഷൻ ആണ് വന്ദേ ഭാരത്. എന്നാൽ ആധുനിക സൗകര്യങ്ങൾ, ആധുനിക സാങ്കേതിക വിദ്യകൾ എന്നിവ കൊണ്ട് ആരെയും അമ്പരപ്പിച്ച ട്രെയിനായി വന്ദേഭാരത് മാറി. ഇതിനോടകം തന്നെ ജനങ്ങള്‍ക്ക് ഇടയില്‍ വന്‍ ഹിറ്റുമാണ് വന്ദേഭാരത്.
പലപ്പോഴും വന്ദേ ഭാരത് ട്രെയിൻ നിരക്കുകളെക്കുറിച്ചും മറ്റും വലിയ ചർച്ചകൾ ഉണ്ടാകാറുണ്ട്. ടിക്കറ്റിന് വലിയ തുകയാണ് എന്നാണ് പലരും പറയാറുള്ളത്. ഈ വിമർശനം നിലനിൽക്കെത്തന്നെ ഇതിന് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വന്ദേ ഭാരതിന്റെ നിരക്ക് കുറവാണെന്നാണ് റെയിൽവേ മന്ത്രി പറയുന്നത്. ലോക്സഭയിലായിരുന്നു മന്ത്രി ഇത്തരത്തിൽ പറഞ്ഞത്. ഒരു കിലോമീറ്ററിന് 2.19 രൂപ എന്നതാണ് വന്ദേ ഭാരത്തിലെ നിരക്ക്. മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് നന്നേ കുറവാണെന്നും മന്ത്രി പറയുന്നു.
ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെയാണ് മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം ഒരു കിലോമീറ്റർ ട്രെയിൻ യാത്രയ്ക്ക് 7 മുതൽ 20 രൂപ വരെയാണ് നൽകേണ്ടത്. എന്നാൽ ഇന്ത്യയിൽ അത് നന്നേ കുറവാണ് എന്നും മന്ത്രി പറയുന്നു. നിരക്ക് നിശ്ചയിക്കുന്നത് പല ഘടകങ്ങൾ കാരണമാണ്. സൗകര്യങ്ങൾ, മത്സരം, മറ്റ് സാമ്പത്തിക കാരണങ്ങൾ എന്നിവയെല്ലാമാണ് നിരക്കിനെ സ്വാധീനിക്കുക എന്നും മന്ത്രി പറഞ്ഞു.യാത്രക്കാരുടെ താങ്ങാനാവുന്ന വില എന്നത് ഒരു പ്രധാന പരിഗണനയായി തുടരുകയാണ്. അതിനാൽ ടിക്കറ്റ് നിരക്കുകൾ യഥാർത്ഥ ചെലവിനേക്കാൾ താഴെയായി നിലനിർത്തിയിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് ഒഴികെയുള്ള മറ്റ് ട്രെയിനുകളിലെ നിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും മന്ത്രി പറഞ്ഞു. ഓർഡിനറി യാത്രയ്ക്ക് കിലോമീറ്ററിന് 20 പൈസയാണ് ഇന്ത്യയിലെ നിരക്ക്. എന്നാൽ പാകിസ്ഥാനിൽ 54 പൈസയും ബംഗ്ലാദേശിൽ 37 പൈസയും ശ്രീലങ്കയിൽ 51 പൈസയുമാണ് അനുബന്ധ നിരക്കുകൾ എന്നും മന്ത്രി പറഞ്ഞു.
Content Highlights: Railway Minister stated in the Lok Sabha that the ticket fare of Vande Bharat trains is comparatively lower than similar premium train services in foreign countries. According to the minister, passengers pay only ₹2.19 per kilometre on Vande Bharat services