

ഐപിഎൽ പുതിയ സീസൺ ആരംഭിക്കാനിരിക്കെ ചർച്ചകൾക്ക് കേന്ദ്രമായി ചിയർലീഡർമരും. ഒരു മത്സരത്തിൽ സ്റ്റേഡിയത്തിന്റെ അന്തരീക്ഷം തന്നെ മാറ്റിമറിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ചിയർലീഡർമാർ. ക്രിക്കറ്റ് താരങ്ങൾ കോടികൾ പ്രതിഫലം വാങ്ങുമ്പോൾ, ചിയർലീഡർമാരുടെ വരുമാനം മാച്ച് ഫീസുകൾ, ബോണസുകൾ, യാത്രാ ഷെഡ്യൂളുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ്.
ഒരു നിശ്ചിത ശമ്പളമില്ലാത്തവരാണ് ഐപിഎല്ലിലെ ചിയർലീഡർമാർ. ഓരോ ഫ്രാഞ്ചൈസിയും അവർക്ക് നൽകുന്ന പ്രതിഫലത്തിൽ വ്യത്യാസമുണ്ട്. മുൻപത്തെ കണക്കുകൾ പ്രകാരം ചിയർലീഡർമാർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആണ്. ഒരു മത്സരത്തിന് ഏകദേശം 24,000 മുതൽ 25,000 വരെയാണ് നൽകുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകൾ ഏകദേശം 20,000 വീതമാണ് നൽകുന്നത്. ഏകദേശം 17,000 രൂപയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നൽകുന്ന തുക. പഞ്ചാബ് കിംഗ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾ 12,000 മുതൽ 15,000 വരെയാണ് അടിസ്ഥാന മാച്ച് ഫീസായി ചിയർലീഡേഴ്സിന് നൽകുന്നത്.
ഈ മാച്ച് ഫീസിന് പുറമെ മികച്ച പ്രകടനത്തിനുള്ള പ്രോത്സാഹനങ്ങളും ഇവർക്ക് ലഭിക്കാന്നുണ്ട്. ഒരു ടീം വിജയിക്കുമ്പോൾ ചിയർലീഡർമാർക്ക് മത്സരമൊന്നിന് 3,000 രൂപ വരെ അധികമായി ബോണസ് ലഭിക്കും. കൂടാതെ കോർപ്പറേറ്റ് പരിപാടികൾ, സ്പോൺസർ പാർട്ടികൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് ഓരോ സെഷനും 5,000 മുതൽ 12,000 വരെ ലഭിക്കാന്നുണ്ട്. പ്ലേ ഓഫ് മത്സരങ്ങൾ ഉൾപ്പെടെ ഒരു മുഴുവൻ സീസണിലൂടെ ഒരു ചിയർലീഡർക്ക് 2.5 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ ഇതിലൂടെ ഇവർക്ക് സമ്പാദിക്കാൻ സാധിക്കും. അതിന് പുറമെ ഇവരുടെ താമസസൗകര്യം, വിമാനയാത്ര, ഭക്ഷണം, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ മറ്റ് എല്ലാ ചെലവുകളും ഫ്രാഞ്ചൈസികൾ തന്നെയാണ് വഹിക്കുന്നത്.
ഗ്ലാമറസായ് ഒരു തൊഴിലായി പുറമെ നിന്ന് തോന്നിപ്പിക്കുമെങ്കിലും ഇതിലേക്ക് എത്തിപ്പെടാനുള്ള പ്രക്രിയ കഠിനമാണ്. റഷ്യ, ഉക്രെയ്ൻ, ബ്രസീൽ, യുഎസ്എ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കൂടുതലായും ഈ മേഖലയിലേക്ക് എത്തുന്നത്. എന്നാൽ അടുത്ത കാലത്തായി ഭാംഗ്ര, ലാവണി തുടങ്ങിയ പ്രാദേശിക നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യൻ സംഘങ്ങളുടെ പങ്കാളിത്തത്തിൽ 30% വർധനവുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ട്. ബിസിനസ്സ് കാഴ്ചപ്പാടിൽ നോക്കുമ്പോൾ ഒരു പ്രൊഫഷണൽ ചിയർലീഡിംഗ് സംഘത്തെ വാടകയ്‌ക്കെടുക്കുന്നതിനായി ഒരു സീസണിൽ ഫ്രാഞ്ചൈസികൾക്ക് 2 മുതൽ 3 കോടി രൂപ വരെ ചെലവ് വരുന്നുണ്ട്.
Content highlights: Know how much cheerleaders get paid for a IPL season