

ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ് റോയൽ ചലഞ്ചഴ്സ് ബെംഗളൂരു. മാർച്ച് 28ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ആർസിബി പ്രീസീസൺ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ സീസൺ ആരംഭിക്കുന്നതിന് മുൻപേ ആർസിബി ക്യാംപിൽ നിന്നുള്ള ശുഭകരമല്ലാത്ത വാർത്തകളാണ് ആരാധകരെ തേടിയെത്തുന്നത്.
കഴിഞ്ഞ സീസണിൽ ആർസിബിയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച പേസർ യാഷ് ദയാലിന്റെ അസാന്നിധ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും നിഗൂഢതകൾക്കും വഴിയൊരുക്കിയിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ പരിശീലന ക്യാംപുകളിൽ താരം ഇതുവരെ പങ്കെടുക്കാത്തതാണ് ആശങ്കകൾക്ക് കാരണമായത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും ആരാധകരെ കൂടുതൽ ഞെട്ടിച്ചിരിക്കുകയാണ്.
Yash Dayal yet to join Royal Challengers Bengaluru camp for IPL 2026 👀🚨#YashDayal #RCB #IPL2026 #Cricket pic.twitter.com/2ZoQpr5NTg
— Cricadium (@Cricadium) March 20, 2026
ഐപിഎല്ലിന്റെ പുതിയ സീസണിന് വേണ്ടി ആർസിബി തയ്യാറാക്കിയ ടീം ബസ്സിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ ശക്തമാക്കിയിരിക്കുന്നത്. സൂപ്പർ താരം വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ രജത് പടിദാറും ഉൾപ്പെടെ എല്ലാ താരങ്ങളുടെയും വലിയ ചിത്രങ്ങൾ ബസ്സിന്റെ വശങ്ങളിലായി പതിപ്പിച്ചിട്ടുണ്ടെങ്കിലും യഷ് ദയാലിന്റെ ചിത്രം മാത്രം കാണാനില്ല. എന്നാൽ പരിശീലനത്തിന് എത്താതിരുന്നതും ബസ്സിൽ നിന്ന് ചിത്രം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തതോടെ യാഷ് ദയാലിനെ ആർസിബി പുറത്താക്കി എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്.

കഴിഞ്ഞ നവംബറിലെ മെഗാ ലേലത്തിന് മുന്നോടിയായി ആർസിബി നിലനിർത്തിയ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു ദയാൽ. 2025 സീസണിൽ 13 വിക്കറ്റുകളുമായി ടീമിനെ ചാമ്പ്യന്മാരാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. എന്നാൽ ആർസിബിയുടെ കിരീടനേട്ടത്തിന് ശേഷം യാഷ് ദയാലിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങൾ ഉയർന്നത് വലിയ വിവാദമായിരുന്നു.
അതിനുപിന്നാലെ പേസറെ ടീമിൽ നിലനിർത്താനുള്ള ആർസിബിയുടെ തീരുമാനത്തിനെതിരെ ആരാധകർ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. താരത്തിനെതിരെ രണ്ടു പീഡനക്കേസുകൾ നിലനിൽക്കെ ടീമിൽ തുടരാൻ അനുവദിച്ചതിനെതിരെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ പൊട്ടിത്തെറിച്ചു. അഞ്ച് കോടി രൂപയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസി നിലനിർത്തിയത്.
Content Highlights: IPL 2026: Pacer Yash Dayal Missing From RCB Training, Absence Triggers Speculations