

പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും സ്റ്റാർ പേസറുമായ ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. നായകനാകുന്നത് പോയിട്ട് ദേശീയ ടീമിന്റെ ഭാഗമാകുവാൻ പോലും അഫ്രീദി യോഗ്യനല്ലെന്നാണ് ലത്തീഫ് പറഞ്ഞത്. ഷഹീനെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതിന് പിന്നാലെയാണ് ലത്തീഫ് പ്രതികരണവുമായി രംഗത്തെത്തിയത്.
‘ഷഹീൻ ഏകദിന ക്യാപ്റ്റനാകാൻ യോഗ്യനല്ലെന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്നാൽ സത്യത്തിൽ അദ്ദേഹം ടീമിൽ പോലും സ്ഥാനം നേടാൻ അർഹനല്ല എന്നതാണ് യാഥാർത്ഥ്യം. ഏകദിന നായകത്വത്തിൽ നിന്നും മാറ്റി ടി 20 ടീമിന്റെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം ഒരുപാട് പേർ ഉന്നയിക്കുന്നുണ്ട്. എന്നാൽ തന്റെ അഭിപ്രായത്തിൽ നായക സ്ഥാനം പോയിട്ട് ടീമിന്റെ ഭാഗമാകാൻ പോലും അഫ്രീദി അർഹനല്ല‘, ലത്തീഫ് പറഞ്ഞു.
‘നിലവിലെ ഫോം അനുസരിച്ച് ടീമിലെ സ്ഥാനം പോലും അദ്ദേഹത്തിന് അർഹതപ്പെട്ടതല്ല. ആ സമയമൊക്കെ കഴിഞ്ഞുപോയി. ഷഹീൻ ആദ്യം ടീമിലെ സ്ഥാനത്തിനുള്ള അർഹത തെളിയിക്കട്ടെ. ബാക്കിയുള്ളത് പിന്നെ നോക്കാം‘, ലത്തീഫ് കൂട്ടിച്ചേർത്തു.
അഫ്രിദിയുടെ നേതൃത്വത്തിലുള്ള പാകിസ്താൻ ടീം ബംഗ്ലാദേശിൽ നടന്ന ഏകദിന പരമ്പരയിൽ ആതിഥേയരോട് പരാജയപ്പെട്ടിരുന്നു. ഒരു പതിറ്റാണ്ടിനു ശേഷമാണു പാകിസ്താൻ ബംഗ്ലാദേശിനോട് പരമ്പര തോൽവി ഏറ്റുവാങ്ങുന്നത്. അതിനു മുൻപ് നടന്ന ടി 20 ലോകകപ്പിലും അഫ്രീദിയുടെ മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചത്. ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ ധാരാളം റൺസുകൾ വഴങ്ങിയ അഫ്രീദിയെ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ പുറത്തിരുത്തേണ്ടിയും വന്നിരുന്നു.
Content Highlights: Shaheen Afridi Slammed by former Pakistan captain Rashid Latif