

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിനൊരുങ്ങുകയാണ് ഫ്രാഞ്ചൈസികളും താരങ്ങളും. മാർച്ച് 28ന് ആരംഭിക്കുന്ന ടൂർണമെന്റിന് മുന്നോടിയായി ഇതിനോടകം തന്നെ എല്ലാ ടീമുകളും പ്രീസീസൺ ക്യാമ്പ് ആരംഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പരിശീലന ക്യാമ്പിൽ നിന്നുള്ള ഒരു വീഡിയോയാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.
ആർസിബിയുടെയും ഇന്ത്യൻ ടീമിന്റെയും സൂപ്പർ താരം വിരാട് കോഹ്‌ലിയെ തറപറ്റിച്ചുകൊണ്ട് സ്വിംഗ് മാന്ത്രികൻ ഭുവനേശ്വർ കുമാർ എറിഞ്ഞ മാരക യോർക്കറാണ് ഇപ്പോൾ വൈറലാവുന്നത്. 36-ാം വയസ്സിലും തന്റെ ബോളിങ്ങിന്റെ കരുത്ത് തീർത്തും നഷ്ടമായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കോഹ്‌ലിയുടെ അടിതെറ്റിച്ച ഭുവിയുടെ ആ സൂപ്പർ യോർക്കർ.
This yorker from Bhuvneshwar Kumar completely beat Virat Kohli.🫡
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) March 19, 2026
In the last two years, Bhuvneshwar Kumar’s name has gone a bit down, but maybe in this IPL he will definitely do something special.🙌 pic.twitter.com/L0bF9BsR0Z
ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന നെറ്റ് പരിശീലനത്തിനിടെയാണ് സംഭവം. ഭുവി എറിഞ്ഞ ലെഗ് സ്റ്റംപ് യോർക്കർ പ്രതിരോധിക്കാൻ കോഹ്‌ലിക്ക് സാധിച്ചില്ല. പന്ത് നേരിടുന്നതിനിടെ ബാലൻസ് തെറ്റിയ കോഹ്‌ലി പൂർണ്ണമായും പതറിപ്പോയി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഐപിഎൽ 2025 മെഗാ ലേലത്തിൽ 10.75 കോടി രൂപ മുടക്കിയാണ് ആർസിബി ഭുവിയെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ ആർസിബി തങ്ങളുടെ കന്നി കിരീടത്തിൽ മുത്തമിട്ടപ്പോൾ ഭുവനേശ്വർ കുമാറിന്റെ പ്രകടനം നിർണ്ണായകമായിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് ഭുവി വീഴ്ത്തിയത്. ജോഷ് ഹേസൽവുഡ് ആദ്യ മത്സരങ്ങളിൽ കളിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഇത്തവണയും ആർസിബിയുടെ ബോളിങ് നിരയെ നയിക്കേണ്ടി വരുന്നത് ഭുവിയാകും.
Content Highlights: IPL 2026: Bhuvneshwar Kumar‘s Yorker Create Huge Trouble For Virat Kohli In RCB Nets