'സഞ്ജു ഒപ്പമുള്ളപ്പോൾ കിട്ടുന്ന കരുത്ത് വേറെതന്നെ'; മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് കലാശപ്പോരിൽ സഞ്ജു സാംസൺ - അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചത്

'സഞ്ജു ഒപ്പമുള്ളപ്പോൾ കിട്ടുന്ന കരുത്ത് വേറെതന്നെ'; മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ
dot image

ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി കരുത്ത് സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തി ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ. സഞ്ജു സാംസൺ ഒരു സഹതാരം മാത്രമല്ലെന്നും ടീമിലെ ഓരോ അംഗത്തിനും കളികളത്തിന് അകത്തും പുറത്തും വലിയ മാനസിക പിന്തുണ നൽകുന്ന വ്യക്തിത്വമാണെന്നും അഭിഷേക് പറഞ്ഞു. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

'സഞ്ജു സാംസൺ ഓരോ കാര്യങ്ങളിലും കൃത്യമായ വ്യക്തതയുള്ള ആളാണ്. ഒപ്പം അദ്ദേഹം വളരെ സ്നേഹനിധിയും മറ്റുള്ളവരെ കരുതുന്ന വ്യക്തിയുമാണ്. സഞ്ജു സാംസണിനെപ്പോലെയുള്ള താരങ്ങൾ ടീമിലുണ്ടാകുമ്പോൾ, നമുക്ക് കരുത്തായി നമ്മുടെ പിന്നിൽ ഒരാളുണ്ടെന്ന വലിയൊരു തോന്നലുണ്ടാകും. ഏത് സാഹചര്യത്തിലും കളികളത്തിന് അകത്തും പുറത്തും പിന്തുണയുമായി അദ്ദേഹം എപ്പോഴും കൂടെയുമുണ്ടാകും.' സഞ്ജുവിനെക്കുറിച്ചും ടീമിനുള്ളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ചും അഭിഷേക് തുറന്നുപറഞ്ഞു.

ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പ് കലാശപ്പോരിൽ സഞ്ജു സാംസൺ - അഭിഷേക് ശർമ കൂട്ടുകെട്ടാണ് ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചതിൽ പ്രധാന പങ്ക് വഹിച്ചത്. ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ ബൗണ്ടറികൾ പായിച്ച് 98 റൺസിന്റെ അതിവേഗ കൂട്ടുകെട്ടുമായി നീലപ്പടയ്ക്ക് മിന്നും തുടക്കമായിരുന്നു നൽകിയത്. 255 എന്ന മികച്ച സ്കോറിലേക്ക് ഇന്ത്യയെ എത്തിക്കാൻ ഈ റൺവേട്ട തുണയായിരുന്നു. ഒടുവിൽ ബ്ലാക്ക് ക്യാപ്സിനെ 96 റൺസിന് തകർത്താണ് ടീം ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പിൽ മുത്തമിട്ടത്. ഈ ജയത്തോടെ കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഒപ്പം ആതിഥേയ രാഷ്ട്രമെന്ന നിലയിൽ കിരീടം നേടിയ ആദ്യ ടീമെന്ന നേട്ടവും സൂര്യയും സംഘവും സ്വന്തമാക്കി.

Content highlight: 'When a player like Sanju Samson is in your team, then you will feel that you have someone behind you'; Abhishek Sharma

dot image
To advertise here,contact us
dot image