'എല്ലാം ഒരു സ്വപ്‌നം പോലെ'; ലോകകപ്പിലെ താരമായ ശേഷമുള്ള സഞ്ജു സാംസണിന്റെ പ്രതികരണം

ടി 20 ലോകകപ്പ് താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ

'എല്ലാം ഒരു സ്വപ്‌നം പോലെ'; ലോകകപ്പിലെ താരമായ ശേഷമുള്ള സഞ്ജു സാംസണിന്റെ പ്രതികരണം
dot image

ടി 20 ലോകകപ്പ് താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസൺ. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നുവെന്നും ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും സഞ്ജു പറഞ്ഞു.

'വാക്കുകള്‍ കിട്ടുന്നില്ല, വികാരങ്ങള്‍ അടക്കാനാവുന്നില്ല. സത്യം പറഞ്ഞാല്‍, ഇത് ഒന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ഞാന്‍ കളിക്കാതിരുന്ന 2024 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നപ്പോള്‍ മുതല്‍ ആഗ്രഹിച്ചതിാണിത്. അതിനായി കഠിനാധ്വാനം ചെയ്തു. ഞാന്‍ ചെയ്യാന്‍ ആഗ്രഹിച്ചതും ഇതുതന്നെയായിരുന്നു. ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷം ഞാന്‍ ആകെ തകര്‍ന്നുപോയിരുന്നു, എന്റെ സ്വപ്നങ്ങളെല്ലാം തരിപ്പണമായിരുന്നു. ഇനി എന്ത് ചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. പക്ഷേ ദൈവത്തിന് മറ്റ് ചില പദ്ധതികളുണ്ടായിരുന്നു.' സഞ്ജു കൂട്ടിച്ചേർത്തു.

ഫൈനലിലും വെടിക്കെട്ട് പ്രകടനം നടത്തിയതോടെയാണ് സഞ്ജു ടൂർണമെന്റ് താരമാകുന്നത്. ടി20 ലോകകപ്പ് റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് സഞ്ജു. അഞ്ച് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച സഞ്ജു 80.25 ശരാശരിയില്‍ 321 റണ്‍സാണ് നേടിയത്. 199.37 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

മൂന്ന് അര്‍ധ സെഞ്ച്വറികൾ നേടിയ സഞ്ജു 24 സിക്‌സും നേടി. സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താവാതെ 97 റണ്‍സ് നേടിയ സഞ്ജു സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്തു. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു അടിച്ചെടുത്തിരുന്നു.

ഒരു ലോകകപ്പ് പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരവും സഞ്ജു തന്നെയായിരുന്നു. 2014 ലോകകപ്പില്‍ കോഹ്‌ലി അടിച്ചെടുത്ത 319 റണ്‍സിന്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്.

Content Highlights: sanju samson emotional reaction player of the tournament t20 world cup 2026

dot image
To advertise here,contact us
dot image