'അവനാകെ തകര്‍ന്നുപോയി'; ഇഷാൻ ഫൈനലിനെത്തിയത് ഉറ്റവർ മരിച്ചതിന്റെ വേദനയില്‍, വെളിപ്പെടുത്തി പിതാവ്‌

പ്രിയപ്പെട്ട രണ്ടുപേരുടെ വേര്‍പാടിന്‍റെ കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുമ്പോളായിരുന്നു ഇഷാന്‍ കിഷന്‍ ഫൈനലിന് എത്തിയത്

'അവനാകെ തകര്‍ന്നുപോയി'; ഇഷാൻ ഫൈനലിനെത്തിയത് ഉറ്റവർ മരിച്ചതിന്റെ വേദനയില്‍, വെളിപ്പെടുത്തി പിതാവ്‌
dot image

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് വിക്കറ്റ് കീപ്പർ ബാറ്റർ‌ ഇഷാൻ കിഷൻ. പല മത്സരങ്ങളിലും നിർണായക പ്രകടനം പുറത്തെടുത്ത താരം പക്ഷേ കിരീടപ്പോരിന് ഇറങ്ങിയത് അടുത്ത ബന്ധുവിന്‍റെ വിയോഗത്തിനിടെയാണ്. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് ശേഷം ഇഷാന്റെ പിതാവ് പ്രണവ് പാണ്ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാർച്ച് എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരെ നടന്ന മത്സരത്തിന് പ്രിയപ്പെട്ട രണ്ടുപേരുടെ വേര്‍പാടിന്‍റെ കടുത്ത ദുഃഖത്തിലൂടെ കടന്നുപോകുമ്പോളായിരുന്നു ഇഷാന്‍ കിഷന്‍ എത്തിയത്. ഇഷാന്‍റെ സഹോദരീ തുല്യയായ അടുത്ത ബന്ധുവും അവരുടെ ഭര്‍ത്താവും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനാപകടത്തിൽ മരണപ്പെടുന്നത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവേയായിരുന്നു കുടുംബം അപകടത്തിൽപെടുന്നത്. ദമ്പതികളുടെ ആറ് മാസവും മൂന്ന് വയസും പ്രായമുള്ള കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഫൈനല്‍ കാണാനായി വെള്ളിയാഴ്ച, അഹമ്മദാബാദിലേക്ക് പോകാന്‍ ഒരുങ്ങുമ്പോളായിരുന്നു ഇഷാന്‍റെ പിതാവും ദുരന്തവാര്‍ത്ത അറിയുന്നത്.

ഉടൻ തന്നെ ഇഷാൻ കിഷന്റെ കുടുംബം ബന്ധുവീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു. ഇഷാന്റെ അച്ഛൻ പ്രണവ് പാണ്ഡെ ഫൈനൽ കാണാൻ അഹമ്മദാബാദിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ഫൈനലിന് പങ്കെടുക്കാതെ കുടുംബത്തോടൊപ്പം ചേരുകയായിരുന്നു. ഇഷാനും വീട്ടിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ടീമിനൊപ്പം തുടരാൻ അച്ഛൻ ആവശ്യപ്പെടുകയായിരുന്നു.

'ഞങ്ങൾ എല്ലാവരും ഞെട്ടലിലായിരുന്നു. ഇഷാന് ഇങ്ങോട്ട് വരണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ ഫൈനലായതുകൊണ്ടു അഹമ്മദാബാദിൽ തന്നെ തുടരാൻ ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നു. അവൻ ആകെ തകർന്നുപോയിരുന്നു', പിതാവ് പ്രണവ് പാണ്ഡെ വ്യക്തമാക്കി. ഫൈനലിന് മുമ്പ് നടന്ന പരിശീലന സെഷനിലും ഏറെ സങ്കടത്തോടെയാണ് ഇഷാൻ പങ്കെടുത്തത്. ഇന്ത്യൻ താരങ്ങൾ ഇഷാനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlights: Ishan Kishan played T20 World Cup final despite huge personal tragedy, says father

dot image
To advertise here,contact us
dot image