

2026 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന പാകിസ്താന്‍റെ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യ ലോകകപ്പ് സെമിയിലെത്തില്ലെന്ന് പ്രവചിക്കുകയും യുവതാരം അഭിഷേക് ശര്‍മ്മയെ 'സ്ലോഗര്‍' എന്ന് വിളിക്കുകയും ചെയ്ത ആമിര്‍ ഇന്ത്യന്‍ ആരാധകരുടെ രോഷം ഏറ്റുവാങ്ങിയിരുന്നു. ഈ പ്രവചനങ്ങളെയെല്ലാം തള്ളിക്കളഞ്ഞ കൈഫ് ശ്രദ്ധ പിടിച്ചുപറ്റാനും വാര്‍ത്തകളില്‍ നിറയാനും വേണ്ടിയാണ് ആമിര്‍ ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതെന്ന് തുറന്നടിച്ചു.
'ഇന്ത്യ സെമി ഫൈനലില്‍ എത്തുമെന്ന് ആമിറിന് ശരിക്കും അറിയില്ലായിരുന്നോ? ഡിഫന്‍ഡിംഗ് ചാമ്പ്യന്മാരായ ഇന്ത്യ മുന്നേറുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാവുന്ന കാര്യങ്ങളാണ്. പക്ഷേ വലിയ വാര്‍ത്തയാകുമെന്ന് കരുതിയാണ് അവർ ഇങ്ങനെയെല്ലാം പറയുന്നത്. നമ്മള്‍ ഇതിനൊന്നും വലിയ പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല. അവരുടെ നിലവാരത്തിലേക്ക് താഴ്ന്ന് ഇതിനെല്ലാം മറുപടി പറയേണ് ആവശ്യം ഇന്ത്യക്കില്ല', കൈഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തിയതിന് പിന്നാലെ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ രംഗത്തെത്തിയിരുന്നു. സൂപ്പർ എട്ട് മത്സരത്തിൽ ഷിമ്രോൺ ഹെറ്റ്‌മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നും ഹെറ്റ്മെയര്‍ പുറത്തായിരുന്നില്ലെങ്കിൽ ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്നുവെന്നുമാണ് ആമിറിന്‍റെ വിചിത്രമായ വാദം.
ഇന്ത്യ സെമിയിലെത്തിയെങ്കിലും അവർ കിരീടം നേടാൻ സാധ്യതയില്ലെന്നും ആമിർ പറഞ്ഞു. ഇന്ത്യയുടെ ഫീൽഡിംഗ് മോശമാണെന്നും ബുംറ ഒഴികെ മറ്റെല്ലാ ബൗളർമാരും തല്ലുവാങ്ങുകയാണെന്നും ആമിർ പരിഹസിച്ചു. ഇന്ത്യ സെമിയിലെത്തില്ലെന്ന് ടൂർണമെന്‍റിന് മുൻപേ പ്രവചിച്ച ആളാണ് ആമിർ. ആ പ്രവചനം തെറ്റിയതിന്‍റെ നിരാശയിലാണ് താരം ഇത്തരം വിഡ്ഢിത്തങ്ങൾ പറയുന്നതെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Content Highlights: 'There is no need for us to come down to their level', Mohammad Kaif Slams Mohammad Amir