

ഹൃതിക് റോഷൻ നായകനാക്കി കരൺ മൽഹോത്ര ഒരുക്കിയ സിനിമയാണ് അഗ്നീപഥ്. ചിത്രത്തിൽ ശ്രേയ ഘോഷാൽ പാടിയ ചിക്കിനി ചമേലി എന്ന ഡാൻസ് നമ്പർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. കത്രീന കൈഫ് ആയിരുന്നു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. ചിക്നി ചമേലി പോലുള്ള ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ലെന്ന ശ്രേയയുടെ പരാമർശം സാമൂഹികമാധ്യമത്തിൽ ട്രോളുകൾക്കും വഴിവെച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് ശ്രേയ.
ചിക്നി ചമേലി പോലുള്ള ഗാനങ്ങൾ പാടുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും ഇനി അത്തരം ഗാനങ്ങൾ റെക്കോഡ് ചെയ്യാനുള്ള അവസരം ലഭിച്ചാൽ അതിനെ കൂടുതൽ ബോധവതിയായി കൈകാര്യം ചെയ്യുമെന്നുമാണ് ശ്രേയ പറഞ്ഞത്. ഒരു പോഡ്കാസ്റ്റിനിടെയാണ് ശ്രേയ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചിക്നി ചമേലിക്കുശേഷം സ്ത്രീകളെ വെറും വസ്തുവായി കാണുന്ന തരത്തിലുള്ള ഗാനങ്ങൾ റെക്കോഡ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ അത് നിഷേധിച്ചുവെന്നും ശ്രേയ പറഞ്ഞു.
'ചിക്നി ചമേലി പാടുന്ന സമയത്ത് തനിക്ക് എന്താണ് അതിന്റെ അർഥമെന്ന് പൂർണമായി മനസ്സിലായിരുന്നില്ല. ചിലവരികളുടെ അർഥം പൂർണമായി ഗ്രഹിക്കാനുള്ള പക്വതയുണ്ടായിരുന്നില്ല. എന്നാൽ ഇന്ന് എന്താണ് റെക്കോർഡ് ചെയ്യുന്നത് എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്താറുണ്ട്. ഒരു ഗാനം ഹിറ്റായാൽ, അത് എല്ലാ സ്ഥലത്തും പാടേണ്ടിവരും, ചിലപ്പോൾ കുട്ടികൾക്ക് മുന്നിൽപ്പോലും. അത് തന്നെ അസ്വസ്ഥപ്പെടുത്താത്ത വിധമായിരിക്കണം. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടുന്നത്. പക്ഷേ അത്തരം ഗാനങ്ങൾ ഇനി റെക്കോർഡ് ചെയ്യില്ല', ശ്രേയയുടെ വാക്കുകൾ.

2025-ൽ ലില്ലി സിങ്ങുമായി സംസാരിക്കവേയാണ് ചിക്നി ചമേലിപോലുള്ള ഗാനങ്ങൾ താൻ ഇനി പാടില്ലെന്ന് ശ്രേയ പറഞ്ഞത്. വരികളുടെ അർഥമറിയാതെ ചെറിയ പെൺകുട്ടികൾപോലും ഇവ പാടിനടക്കുന്നത് കണ്ടിട്ടുണ്ട്. അഞ്ചോ, ആറോ വയസ്സുള്ള പെൺകുട്ടിയൊക്കെ ആ വരികൾ പാടുന്നത് ശരിയല്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും അന്ന് ശ്രേയ പറഞ്ഞിരുന്നു.
Content Highlights: Shreya Ghoshal gets trolled for saying songs like Chikini Chameli should not be made anymore, Singer finally responds