'പാകിസ്താന്‍ യോഗ്യത നേടിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കാണില്ല'; വീണ്ടും പ്രവചനവുമായി പാക് മുന്‍താരം

സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു മുന്‍ താരത്തിന്റെ പ്രവചനം

'പാകിസ്താന്‍ യോഗ്യത നേടിയാലും ഇല്ലെങ്കിലും ഇന്ത്യ സെമി കാണില്ല'; വീണ്ടും പ്രവചനവുമായി പാക് മുന്‍താരം
dot image

2026 ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെമി കാണാതെ പുറത്താവുമെന്ന് പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍.സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു മുന്‍ താരത്തിന്റെ പ്രവചനം. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ സെമി ഫൈനലിന് യോഗ്യത നേടിയാലും ഇല്ലെങ്കിലും ഇന്ത്യ പുറത്താവുമെന്നാണ് ആമിര്‍ പറയുന്നത്.

പാകിസ്താൻ ടെലിവിഷൻ പരിപാടിയായ 'ഹാരാനാ മനാ ഹേ'യിലായിരുന്നു ആമിറിന്‍റെ പ്രവചനം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകൻ ആമിറിനെ ഒരു 'ജ്യോത്സ്യൻ' എന്ന് തമാശയ്ക്ക് വിശേഷിപ്പിച്ചപ്പോഴായിരുന്നു താരം തന്‍റെ നിലപാട് ആവർത്തിച്ചത്. 'നോക്കൂ, പാകിസ്താൻ യോഗ്യത നേടിയാലും ഇല്ലെങ്കിലും, ഇന്ത്യ എത്തില്ല' എന്നായിരുന്നു ചിരിച്ചുകൊണ്ട് ആമിറിന്‍റെ മറുപടി. അവതാരകനെ പോലും അമ്പരപ്പിച്ചതായിരുന്നു ആമിറിന്‍റെ പ്രവചനം.

അമീറിന്റെ പ്രവചനങ്ങളെ വിലകുറച്ച് കാണാനാവില്ല എന്നാണ് ആരാധകർ പറയുന്നത്. ലോകകപ്പിനെ സംബന്ധിച്ച് നേരത്തെ അമീർ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഏറെക്കുറെ സംഭവിച്ചിരുന്നുവെന്ന് തന്നെ പറയാം. ടി20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരും കിരീട ഫേവറിറ്റുകളായുമായി സ്വന്തം മണ്ണിലിറങ്ങിയ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ടി20 ലോകകപ്പിലെ സാഹചര്യം വേറെയാണെന്നും ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ പതറുമെന്നുമാണ് അമീർ പ്രവചിച്ചത്. അതുപോലെ സംഭവിക്കുകയും ചെയ്തു. ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച പ്രകടനമല്ല ഗ്രൂപ്പ് ഘട്ടത്തിൽ കാഴ്ചവെച്ചത്. കൂടാതെ ടി20 ലോകകപ്പിൽ അഭിഷേക് ശർമ പതറുമെന്ന് അമീർ നേരത്തെ പ്രവചിച്ചിരുന്നു. ടൂർണമെന്റിലുടനീളം താളം കണ്ടെത്താനാവാതെ നിരാശപ്പെടുത്തിയ അഭിഷേക് ശർമ സിംബാബ്‍വെക്കെതിരെ ഫെബ്രുവരി 26ന് നടന്ന നിർണായക മത്സരത്തിൽ മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത് ഉയർന്നത്.

Content Highlights: T20 World Cup 2026: Mohammad Amir sticks to his prediction about India not making semifinals

dot image
To advertise here,contact us
dot image