

റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ പന്ത് ബൗണ്ടറി പായിച്ച് വിജയ റൺ നേടിയ ശേഷം സഞ്ജു സാംസൺ നിലത്ത് മുട്ട് കുത്തി നിന്നു. ആകാശത്തേക്ക് നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു പിന്നെ കുരിശു വരച്ചു. ഇന്ത്യയെ വിജയതീരത്തേക്കും പിന്നീട് സെമി ഫൈനലിലേക്കും എത്തിച്ച നിർണായക ഇന്നിങ്സിനൊപ്പം തന്നെ സഞ്ജു സാംസൺ നടത്തിയ വൈകാരികമായ പ്രതികരണവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സാധാരണ മത്സരങ്ങളിൽ സെഞ്ച്വറികൾ നേടിയാൽ പോലും താരം വലിയ ആഹ്ളാദപ്രകടനം നടത്താറില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ ഈ സെലിബ്രേഷന് പിന്നിലെ കാരണമറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വൈറൽ സെലിബ്രേഷനെ കുറിച്ച് മനസുതുറക്കുകയാണ് ഇന്ത്യയുടെ വിജയശിൽപ്പി സഞ്ജു സാംസൺ.
മത്സരശേഷം നടന്ന പ്രത്യക പരിപാടിയിൽ മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍ സഞ്ജുവിനോട് എന്താണ് ആ നിമിഷം പ്രാർഥിച്ചത് എന്ന് ചോദിച്ചിരുന്നു. 'ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാൻ ഒരു ദൈവവിശ്വാസിയാണ്. എന്താണെന്ന് പ്രാർഥിച്ചത് എന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, അത് സ്വകാര്യമായി സൂക്ഷിക്കാനാണ് എനിക്ക് ആഗ്രഹം', എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
ക്രീസിൽ മാത്രമല്ല, ഡ്രസിങ് റൂമിലെത്തിയശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, സഞ്ജു സാംസൺ മുട്ടുകുത്തി പ്രാർഥിച്ചിരുന്നു. സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങിയതിന് ശേഷം ഡ്രസിങ് റൂമിൽ എത്തിയ സഞ്ജു നിലത്ത് മുട്ടുകുത്തിയിരുന്നു പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. തന്റെ കരിയർ ബെസ്റ്റ് ഇന്നിങ്സ് പുറത്തെടുക്കാൻ സഹായിച്ച ബാറ്റിനെ താരം ചുംബിക്കുകയും ചെയ്തു.
This team! 🥹💙🫂
— Star Sports (@StarSportsIndia) March 1, 2026
Next Stop: Semi-finals 🚀
ICC Men’s #T20WorldCup Semi-Final 2 👉 #INDvENG | THU, 5 MAR, 6 PM pic.twitter.com/CEMSGouFlO
2026 ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യയുടെ മാച്ച് വിന്നിങ് ഇന്നിങ്സുമായി കളംനിറഞ്ഞ സഞ്ജു സാംസണാണ് മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
Content Highlights: Sanju Samson about his viral celebration after sinking to his knees, guiding India to T20 World Cup semis