

ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെയുള്ള മത്സരത്തിൽ സഞ്ജു സാംസണിന്റെ പുറത്താകലിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്കർ.
ഓപ്പണറായി ഇറങ്ങിയ മലയാളി താരം മികച്ച തുടക്കം ലഭിച്ചിട്ടും അത് വലിയൊരു ഇന്നിംഗ്‌സാക്കി മാറ്റാൻ സാധിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച ഗവാസ്കർ പുറത്തായ രീതിയെയാണ് വിമർശിച്ചത്.
ഇതേ രീതിയിൽ, ഇതേ മേഖലയിൽ അദ്ദേഹം ഒരുപാട് തവണ പുറത്തായിട്ടുണ്ട്. ഷോർട്ട് ബോളുകൾ എറിയുക, ഡീപ് സ്ക്വയർ ലെഗിൽ ഫീൽഡറെ നിർത്തു. സഞ്ജുവിനെതിരെ എല്ലാ ടീമുകൾക്കും കൃത്യമായ പ്ലാൻ ഉണ്ട്. ഇത്തവണയും ആ കെണിയിൽ സഞ്ജു വീണു. മുസർബാനിയുടെ ഉയരവും അതിലൂടെ ലഭിച്ച എക്സ്ട്രാ ബൗൺസും സഞ്ജുവിനെ കുഴക്കിയെന്നും ഗവാസ്കർ ചൂണ്ടിക്കാട്ടി.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആരാധകരുടെ വൻ പിന്തുണയോടെ ബാറ്റിംഗിനിറങ്ങിയ സഞ്ജു 15 പന്തിൽ 24 റൺസെടുത്ത് പുറത്താവുകയായിരുന്നു. റിങ്കു സിംഗിന് പകരക്കാരനായി പ്ലേയിംഗ് ഇലവനിലെത്തിയ സഞ്ജുവിന് ഓപ്പണറുടെ റോളാണ് ടീം നൽകിയത്. നേരിട്ട രണ്ടാം പന്തിൽ തന്നെ റിച്ചാർഡ് നഗരാവയെ സിക്സറിന് പറത്തി സഞ്ജു വരവറിയിച്ചു. എന്നാൽ നാലാം ഓവറിലെ നാലാം പന്തിൽ സ്ലോ ബോളിൽ വീഴുകയായിരുന്നു.
ടോസ് വേളയിൽ സൂര്യകുമാർ യാദവ് സഞ്ജുവിന്റെ പേര് പറഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ വലിയ ആരവമാണ് ഉയർന്നത്. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ തട്ടകമായി മാറാനിരിക്കുന്ന ചെപ്പോക്കിൽ സഞ്ജുവിന് ലഭിച്ച സ്വീകരണം അവിശ്വസനീയമായിരുന്നു.
Content Highlights :Sunil Gavaskar Goes Blunt As Sanju Samson Falls After Fiery Start