

സിംബാബ്‌വെക്കെതിരായ വിൻഡീസിന്റെ തകർപ്പൻ ജയത്തോടെ സെമി പ്രവേശനം എന്താകുമെന്ന് അറിയാതെ നിൽക്കുകയാണ് മുൻ ചാമ്പ്യന്മാരായ ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നീലപ്പടയുടെ ആദ്യ സൂപ്പർ 8 പോരാട്ടത്തിൽ ഏറ്റ വൻ തോൽവിയാണ് തിരിച്ചടിയായത്.
അതിനിടയിൽ സിംബാബ്‌വേയ്ക്ക് എതിരായ മത്സരത്തിനായി ചെന്നൈയിൽ എത്തിയ ശേഷം ടീം ബസിൽ നിന്നുള്ള കോച്ച് ഗൗതം ഗംഭീറിന്റെയും അഭിഷേക് ശർമയുടെയും വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇരുവരും വളരെ ഗൗരവത്തിൽ സംസാരിക്കുന്നത് വീഡിയോയിൽ വളരെ വ്യക്തവുമാണ്. പതിവുപോലെ ഗൗരവത്തിൽ തന്നെയാണ് ഗംഭീർ. അതെ ഭാവത്തോടെ അടുത്തിരിക്കുന്ന അഭിഷേകിനോട് കാര്യങ്ങൾ ചർച്ച ചെയ്യുന്നതും വീഡിയോയിൽ കാണാം. കോച്ച് പറയുന്നതെല്ലാം ഒരു പരിഭവത്തോടെ കേട്ടിരിക്കുകയും ഇടയ്ക്ക് പറയുന്നതിൽ ശരിയുണ്ടെന്ന രീതിയിൽ താരം തലയാട്ടുകയും ചെയ്യുന്നുണ്ട്. അഭിഷേകുമായി സംസാരിക്കവെ പിൻസീറ്റിലിരുന്ന അസിസ്റ്റന്റ് കോച്ച് റയാൻ ടെന്‍ഡുഷാറെറ്റെയെ ഗംഭീർ വിളിക്കുന്നതും അദ്ദേഹവുമായി ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്.
ബാറ്റിങ്ങിൽ പഴയ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത് താരത്തെ ഏറെ സമ്മർദ്ദത്തിൽ ആക്കുന്നുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി ആത്മവിശ്വാസം പകരാനാണ് മാനേജ്‌മന്റ് തീരുമാനിക്കേണ്ടത്. അതിനിടയിൽ സഞ്ജുവിനെ തിരികെ കൊണ്ടുവരണമെന്നുള്ള ആവശ്യവും ഇപ്പോൾ വളരെ ശക്തമാണ്. അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ നിറം മങ്ങിയ സാഹചര്യത്തിലാണ് 'Bring Back Sanju Samson' എന്ന ഹാഷ്ടാഗുമായി ആരാധകർ രംഗത്തെത്തിയത്.
ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അഭിഷേക് ഇറങ്ങിയ മൂന്ന് മത്സരത്തിലും പൂജ്യത്തിന് പുറത്തായിരുന്നു. യുഎസ്എ, പാകിസ്താൻ, നെതെർലാൻഡ് എന്നി ടീമുകൾക്കെതിരെയായിരുന്നു താരത്തിന്റെ ആ നിരാശപ്പെടുത്തുന്ന പ്രകടനം. സൂപ്പർ 8 ലെ ഇന്ത്യയുടെ ആദ്യ പോരാട്ടത്തിൽ 12 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ബൗണ്ടറികളും അടക്കം 15 റൺസായിരുന്നു ഓപ്പണറുടെ സമ്പാദ്യം.
Content highlight: Did Gautam Gambhir Angry at Abhishek Sharma in team bus new video goes viral