

തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസീലന്‍ഡ് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നര്‍ ഐപിഎല്‍ 2026-ന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് പുറത്തായതോടെ ടീമിലെത്തി ദക്ഷിണാഫ്രിക്കന്‍ താരം. പരിക്കേറ്റ സാന്റ്‌നര്‍ക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ കേശവ് മഹാരാജിനെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു.
ഏപ്രില്‍ 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് സാന്റ്‌നറുടെ വലതുതോളിന് പരിക്കേറ്റത്. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടയിലാണ് സാന്റ്‌നര്‍ക്ക് ആദ്യമായി പരിക്കേറ്റത്. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ ഒരു മത്സരം നഷ്ടമായ അദ്ദേഹം ആര്‍സിബി, ഗുജറാത്ത് ടീമുകള്‍ക്കെതിരെ കളത്തിലിറങ്ങി തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍ ചെന്നൈക്കെതിരായ പോരാട്ടത്തില്‍ പരിക്ക് ഗുരുതരമായതോടെ സാന്റ്‌നര്‍ സീസണില്‍ നിന്ന് പൂര്‍ണമായി പിന്മാറാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഈ സീസണില്‍ സാന്റ്‌നര്‍ നാല് മത്സരങ്ങളില്‍ നിന്നായി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ക്രിക്കറ്റില്‍ ഏറെ പരിചയ സമ്പത്തുള്ള കേശവ് മഹാരാജ് ഐപിഎല്ലില്‍ 2024-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി രണ്ട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 218 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 191 വിക്കറ്റുകള്‍ മഹാരാജ് വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗായ എസ്എ20യില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം മുംബൈയുടെ ബൗളിങ് നിരയ്ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ.
content highlights: Mitchell Santner out; Indian-origin star to join Mumbai as replacement