

ബഹ്റൈനില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുമായി ബന്ധപ്പെട്ട അമിത പലിശയും ഫീസുകളും നിയന്ത്രിക്കണമെന്ന ആവശ്യവുമായി എംപിമാര്‍. ഇടപാടുകാരുടെ സംരക്ഷണത്തിനായി കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തില്‍ പറയുന്നു.
ബഹ്റൈനില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന ഉയര്‍ന്ന പലിശ നിരക്കുകളും വിവിധ ഫീസുകളും പൊതുജനങ്ങളില്‍ വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതായി അടിയന്തര പ്രമേയത്തിലൂടെ എംപിമാര്‍ ചൂണ്ടികാട്ടി. ഇടപാടുകാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കൂടുതല്‍ കര്‍ശനമായ നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പിലാക്കണം. സൈനബ് അബ്ദുല്‍ അമീര്‍, ഖാലിദ് ബുനാഖ്, ഹിഷാം അല്‍ അവാദി, അഹമ്മദ് അല്‍ സല്ലും, മുഹമ്മദ് അല്‍ മാരിഫി എന്നിവരാണ് പ്രമേയം മുന്നോട്ടുവച്ചത്.
ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പലിശ നിരക്കുകള്‍, തിരിച്ചടവ് വ്യവസ്ഥകള്‍, മറ്റ് ചാര്‍ജുകള്‍ എന്നിവയില്‍ സുതാര്യവും വ്യക്തവുമായ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഉറപ്പുവരുത്തണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിച്ചതോടെ അക്കൗണ്ട് മാനേജ്‌മെന്റ്, പിഴകള്‍, കടം തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ എന്നിവയെക്കുറിച്ച് ജനങ്ങളില്‍ നിന്ന് വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ട്.
ഉപഭോക്താക്കള്‍ക്ക് മതിയായ വിവരങ്ങള്‍ നല്‍കാതെയാണ് അമിത നിരക്കുകള്‍ ഈടാക്കുന്നത്. അമിത പലിശ നിരക്കുകള്‍ ഇടപാടുകാരെ കടക്കെണിയിലേക്ക് തള്ളി വിടുന്നതായും പ്രമേയത്തില്‍ പറയുന്നു. ധനകാര്യ സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കേണ്ടതുണ്ടെന്നും എംപിമാര്‍ പാര്‍ലെമെന്റില്‍ വ്യക്തമാക്കി.
Content Highlights: Bahrain has called for stricter control over excessive interest rates associated with credit card transactions. The demand aims to protect consumers from high financial burdens and ensure fair banking practices. Authorities are pushing for stronger regulations to improve transparency in lending and reduce the impact of rising debt on residents and expatriates.