'ഇമ്രാന്‍ ഖാന് ചികിത്സ ഉറപ്പാക്കണം'; പാകിസ്താന് കത്തയച്ച് കപില്‍ ദേവും ഗവാസ്‌കറുമടക്കം 14 മുന്‍ ക്യാപ്റ്റന്മാർ

പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കത്തയച്ചത്

'ഇമ്രാന്‍ ഖാന് ചികിത്സ ഉറപ്പാക്കണം'; പാകിസ്താന് കത്തയച്ച് കപില്‍ ദേവും ഗവാസ്‌കറുമടക്കം 14 മുന്‍ ക്യാപ്റ്റന്മാർ
dot image

മുൻ പ്രധാനമന്ത്രിയും പാകിസ്താന്റെ ലോകകപ്പ് ജേതാവുമായ ഇമ്രാൻ ഖാന് മെച്ചപ്പെട്ട ചികിത്സയും മാനുഷിക പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാക് സർക്കാരിന് കത്തയച്ച് കപിൽ ദേവും സുനിൽ ഗവാസ്‌കറും ഉൾപ്പെടെയുള്ള ലോക ക്രിക്കറ്റിലെ മുൻ ക്യാപ്റ്റൻമാർ. പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ നീക്കം. ഇമ്രാന്‍ ഖാന് അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ള 14 മുന്‍ ക്യാപ്റ്റന്മാര്‍ ഒപ്പിട്ട നിവേദനം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറി.

പാകിസ്താനിലെ അദിയാല ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടമായെന്നാണ് പാകിസ്താനില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാസങ്ങളായി കാഴ്ചശക്തി നഷ്ടപ്പെടുന്നതായി ഇമ്രാന്‍ ഖാന്‍ പരാതിപ്പെട്ടിരുന്നെങ്കിലും ജയില്‍ അധികൃതര്‍ ഇത് അവഗണിച്ചുവെന്ന് ഇമ്രാന്‍ ഖാന്റെ അഭിഭാഷകര്‍ പാക് സുപ്രീം കോടതിയെ അറിയിച്ചു. ഉമ്രാന്‍ ഖാനൊപ്പം കളിച്ചവരും ക്രിക്കറ്റ് ഇതിഹാസമെന്ന നിലയില്‍ ഇമ്രാന്‍ ഖാനെ ബഹുമാനിക്കുന്നവരുമായ താരങ്ങളാണ് പാക് പ്രധാനമന്ത്രിക്ക് ഒപ്പുവെച്ച നിവേദനം അയച്ചത്.

ഓസീസ് മുന്‍ നായകനായ ഗ്രെഗ് ചാപ്പലാണ് മുന്‍ കളിക്കാരെ ചേര്‍ത്ത് നിവേദനം തയ്യാറാക്കിയത്. ഇന്ത്യന്‍ ഇതിഹാസതാരങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ക്ക് പുറമെ ഇയാന്‍ ചാപ്പല്‍,അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ,കിം ഹ്യൂസ്, ബെലിന്‍ഡ ക്ലാര്‍ക്ക്, മൈക്കല്‍ അതേര്‍ട്ടണ്‍, നാസര്‍ ഹുസൈന്‍, ഡേവിഡ് ഗവര്‍, മൈക്കര്‍ ബ്രിയര്‍ലി, ക്ലൈവ് ലോയ്ഡ്, ജോണ്‍ റൈറ്റ് തുടങ്ങിയ താരങ്ങളും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം ഈ നിവേദനത്തില്‍ മുന്‍ പാക് താരങ്ങളാരും ഒപ്പുവെച്ചിട്ടില്ല.

Content Highlights: Sunil Gavaskar Kapil Dev among 14 Ex-Captains appeal for Fair Treatment of Imran Khan

dot image
To advertise here,contact us
dot image