

അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. 80 പന്തില്‍ 15 സിക്സും 15 ബൗണ്ടറിയും സഹിതം 175 റണ്‍സാണ് വൈഭവ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ഇന്ത്യയുടെ വിജയത്തിൽ അതിനിർണായകമായ ഇന്നിങ്സ് കാഴ്ചവെച്ച വൈഭവാണ് അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ ഫൈനലിലെ ഈ 14കാരൻ തന്നെ.
അണ്ടര്‍ 19 ലോകകപ്പില്‍ കാഴ്ചവെച്ച തകര്‍പ്പന്‍ ഫോമിന് പിന്നാലെ വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈയടുത്തൊന്നും വൈഭവിന് ഇന്ത്യയുടെ സീനിയർ ടീമിലെടുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, താരത്തിന് ഇനിയൊരു അണ്ടർ 19 ലോകകപ്പ് കളിക്കാനും കഴിയില്ലെന്നുമുള്ളതാണ് വാസ്തവം. ഇതിനുകാരണം ഐസിസി നിയമങ്ങളാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കണമെങ്കിൽ ഒരു താരത്തിന് ചുരുങ്ങിയത് 15 വയസ് തികഞ്ഞിരിക്കണം എന്നാണ് ഐസിസി നിയമം. യുവ അത്‌ലറ്റുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി 2020ലാണ് ഈ നിയമം അവതരിപ്പിച്ചത്. 2011 മാർച്ച് 27-നാണ് വൈഭവ് ജനിച്ചത്. അതായത് അണ്ടർ 19 ലോകകപ്പ് വിജയിക്കുമ്പോഴും വൈഭവിന് 15 വയസ് തികഞ്ഞിട്ടില്ല. അതായത് വൈഭവിനെ ഇന്ത്യന്‍ സീനിയർ ടീമിലേക്ക് പരിഗണിക്കാൻ 2026 മാര്‍ച്ച് 27 കഴിയണം.
2026 അണ്ടർ 19 ലോകകപ്പിലെ താരമാണെങ്കിലും വൈഭവിന് ഇനിയൊരു അണ്ടർ 19 ലോകകപ്പിൽ കളിക്കാൻ സാധിക്കുകയുമില്ല. 2028ലെയും 2030ലെയും അണ്ടർ 19 ലോകകപ്പുകളിൽ പങ്കെടുക്കാൻ പ്രായം കൊണ്ട് വൈഭവിന് സാധിക്കും. കാരണം അപ്പോഴും താരത്തിന്റെ പ്രായം 19 വയസിൽ താഴെയായിരിക്കും. എന്നാൽ ബിസിസിഐയുടെ 'വൺ-ടൂർണമെന്റ്' നിയമമാണ് വൈഭവിന് ഇവിടെ തടസമാകുക.
ഈ നിയമം കാരണം ഒരു തവണ അണ്ടർ 19 ലോകകപ്പിൽ കളിച്ചാൽ പിന്നീട് ആ താരത്തെ അതേ ടൂർണമെന്റിനുള്ള ടീമിലേക്ക് പിന്നീട് പരിഗണിക്കില്ല. അണ്ടർ 19 സർക്യൂട്ടിലെ പുതിയ താരങ്ങൾക്ക് അവസരം നൽകുന്നതിനും ജൂനിയർ തലത്തിൽ വ്യാപകമായിരുന്ന പ്രായത്തട്ടിപ്പ് അവസാനിപ്പിക്കുന്നതിനുമായി 2016 മുതലാണ് ബിസിസിഐ ഈ നിബന്ധന കർശനമാക്കിയത്.
Content Highlights: Vaibhav Suryavanshi can't play for Team India, won’t feature in the next two U19 World Cups, Here's what ICC age rule says