

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദ്ദനമേറ്റു. തമാശയായി തുടങ്ങിയ കാര്യം പിന്നീട് തർക്കത്തിലേക്കും മർദ്ദനത്തിലേക്കും നീങ്ങുകയായിരുന്നുവെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. പരിക്കേറ്റ വിദ്യാർത്ഥി അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. വിദ്യാര്‍ത്ഥികൾ കളിക്കുന്നതിനിടെ വാക്ക് തർക്കം ഉണ്ടായതിനെ തുടർന്ന് സഹപാഠികൾ സംഘം ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. മർദ്ദനത്തിൽ 16 വയസുകാരനായ പ്ലസ് വൺ വിദ്യാര്‍ത്ഥിയുടെ മൂക്കിന് രണ്ട് ഒടിവും കണ്ണിന് താഴെയുള്ള അസ്ഥിക്ക് പരുക്കേൽക്കുകയും ചെയ്തു. ശരീരമാസകലം ചതവേറ്റതായും വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തിൽ വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Plus One student in Kalanjoor, Pathanamthitta, who was beaten up by a group of classmates