

ഇന്ദ്രൻസ് നായകനായി എത്തിയ ആശാൻ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഗപ്പി, അമ്പിളി എന്നീ സിനിമകൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ചാണ് പറയുന്നത്. സിനിമ മികച്ച അഭിപ്രായം നേടുന്നുണ്ടെങ്കിലും കൂടുതൽ ആളുകൾ തിയേറ്ററിലെത്തുന്ന് പറയുകയാണ് ഇന്ദ്രൻസ്.
എല്ലാവരും തിയേറ്ററിലെത്തി തന്നെ ഈ ചിത്രം കാണണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ഇന്ദ്രൻസ് പറഞ്ഞു. 'ഇത് വരെയുള്ള സഹകരണത്തിന് നന്ദി. തുടർന്നും നിങ്ങളുടെ ഹകരണം പ്രതീക്ഷിക്കുന്നു. ഓക്കേ ആണെങ്കിൽ ഒരു thumbs up ഇട്ടേക്കണേ. എന്ന് നിങ്ങളുടെ സ്വന്തം ആശാൻ' എന്ന വാചകങ്ങളോടെയാണ് ഇന്ദ്രൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ഞാൻ ഇപ്പോൾ അടൂർ സാറിന്റെ പദയാത്ര സിനിമയുടെ സെറ്റിൽ ആണ്. അതുകൊണ്ട് തിയേറ്ററിൽ വന്ന് നിങ്ങളെ നേരിൽ കാണാൻ കഴിയുന്നില്ല. ഞാൻ അറുനൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഇത്രയേറെ പബ്ലിസിറ്റിയോടെ ഒരു സിനിമയുടെ നായകനാകുന്നത് ആദ്യമായിട്ടാണ്. സിനിമ നല്ലതാണെന്നും മനോഹരമാണെന്നും പറഞ്ഞുകൊണ്ട് നിരവധി പേർ വിളിക്കുന്നുണ്ട്. ഞാൻ മാത്രമല്ല, നൂറിലേറെ പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. വേഫെററും ഗപ്പി സിനിമാസും ചേർന്ന് മനോഹരമായി ഈ സിനിമയുടെ പ്രൊമോഷൻ നടത്തുന്നുണ്ട്. അതൊക്കെ കാണുമ്പോൾ എനിക്ക് വലിയ സന്തോഷമാണ്.
ഗപ്പി സിനിമാസ് എന്ന പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി ഓർമിപ്പിക്കാൻ തോന്നുന്നത്. ഗപ്പിയുടെ അവസ്ഥയിലേക്ക് ആശാനെ കൊണ്ടെത്തിക്കരുത്. അതുകൊണ്ടാണ് ആദ്യമായി ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ആശാൻ കുറെ ചെറുപ്പക്കാരുടെ പ്രതീക്ഷയാണ്, സ്വപ്‌നമാണ്. സിനിമ നല്ലതാണെന്ന് കേൾക്കുന്നുണ്ടെങ്കിലും തിയേറ്ററിലേക്ക് ആളുവരുന്നില്ലെന്ന് കേൾക്കുമ്പോൾ ഒരു ആധിയാണ്. അതുകൊണ്ട് നിങ്ങൾ എല്ലാവരും ഈ സിനിമ തിയേറ്ററിൽ വന്നുതന്നെ കാണണം,' ഇന്ദ്രൻസ് പറയുന്നു.

അതേസമയം, ഫെബ്രുവരി അഞ്ചിനാണ് ആശാൻ തിയേറ്ററുകളിലെത്തിയത്. സിനിമയുടെ ട്രെയിലർ ലോഞ്ചിന് മമ്മൂട്ടിയും എത്തിയിരുന്നു. മികച്ച സിനിമയാണെന്നും മലയാളത്തിൽ ഇങ്ങനെയൊരു സിനിമ നേരത്തെ ഉണ്ടായിട്ടില്ലെന്നുമാണ് ചിത്രത്തെ കുറിച്ച് മമ്മൂട്ടി സംസാരിച്ചത്.
Content Highlights: Indrans says Aashan movie should not get the fate of Guppy movie, urges people to watch the film in theatres via a video