

ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ ലോകകപ്പില്‍ സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ച് മുൻ ഓസ്‌ട്രേലിയൻ നായകനും ലോകകപ്പ് ജേതാവുമായ മൈക്കൽ ക്ലാർക്ക്.
പാകിസ്താനെ ക്ലാർക്ക് പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമി ഫൈനലിൽ എത്തുമെന്നാണ് ക്ലാർക്കിന്‍റെ പ്രവചനം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒരു സ്വപ്ന ഫൈനലിനാണ് താൻ കാത്തിരിക്കുന്നതെന്നും ക്ലാര്‍ക്ക് പറഞ്ഞു.
ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടണമെന്നാണ് എന്‍റെ ആഗ്രഹം. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്, അവർ തന്നെയാണ് എന്‍റെ ഫേവറിറ്റുകൾ. വൈകാരികമായ ബന്ധം കൊണ്ട് ഓസ്‌ട്രേലിയ ഫൈനലിൽ എത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു- റെവ്‌സ്‌പോർട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു.
ലോകകപ്പില്‍ ഇംഗ്ലണ്ടും ന്യൂസിലൻഡും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ക്ലാർക്ക് പ്രതീക്ഷ പ്രകടിപ്പിച്ചു. ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്‍റെ മോശം പ്രകടനത്തിൽ താൻ നിരാശനാണെന്നും എന്നാൽ ബ്രെണ്ടൻ മക്കല്ലത്തിന് കീഴിൽ അവർ കരുത്തോടെ തിരിച്ചുവരുമെന്ന് കരുതുന്നതായും ക്ലാര്‍ക്ക് കൂട്ടിചേർത്തു.
അതേ സമയം ലോകകപ്പിന് തുടക്കം കുറിക്കുന്ന ഇന്ന് മൂന്ന് മത്സരങ്ങളാണ് ഉള്ളത്. ഇന്ത്യൻ സമയം രാവിലെ 11ന് പാകിസ്താൻ നെതർലൻഡ്സിനെ നേരിടും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് വെസ്റ്റ് ഇൻഡീസ് സ്‌കോട്ലാൻഡിനെ നേരിടും. ശേഷം രാത്രി ഏഴ് മണിക്കാണ് ഇന്ത്യയുടെ മത്സരം.യു.എസ്.എ ആണ് എതിരാളികൾ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം.
Content Highlights: Michael Clarke predict semifinal teams in t20 worldcup 2026