

ലോർഡ്‌സിൽ തിളങ്ങി ഇന്ത്യയുടെ സ്മൃതി മന്ദാന. 108 പന്തുകളിൽ നിന്ന് 83 റൺസ് നേടികൊണ്ടാണ് സ്‌മൃതി ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ച്ച വച്ചത്. ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 285 റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് എത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലുമാണ്. സ്‌മൃതിക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരും അർധസെഞ്ചുറിയോടെ മത്സരത്തിൽ തകർത്താടി.
ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളും ആയിരുന്നു സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് പ്രകടനം. 121 പന്തുകളിൽ നിന്നായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറി നേട്ടം. ഏഴ് ബൗണ്ടറികൾ അടക്കം 58 റൺസായിരുന്നു താരം നേടിയത്. അതേസമയം 87 ബോളുകളിൽ നിന്നായിരുന്നു ദീപ്തി ശർമ അർധസെഞ്ചുറി കുറിച്ചത്. ഏഴ് ബൗണ്ടറികളായിരുന്നു ദീപ്തിയുടെ ബാറ്റിൽ നിന്ന് പിറന്നത്. ഇന്ത്യയുടെ മറ്റ് താരങ്ങൾക്കാർക്കും തന്നെ പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാനായിരുന്നില്ല. ഓപണർ ഷെഫാലി വർമ മത്സരത്തിൽ റൺസൊന്നും കണ്ടെത്താനാകെ ആണ് പുറത്തായിരുന്നു. നാല് പന്തുകൾ നേരിട്ടെങ്കിലും റൺസ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
രണ്ടാം ദിനം ഇന്ന് 3:30 ന് ആരംഭിക്കും. ഇംഗ്ലണ്ടിന്റെ മായിയ ബൗച്ചിയർ, ഹീതർ നൈറ്റ് എന്നിവരാണ് നിലവിൽ ക്രീസിൽ ഉള്ളത്. 40 പന്തുകളിൽ നിന്ന് 2 ബൗണ്ടറികൾ അടക്കം 17 റൺസായിരുന്നു ഇംഗ്ലണ്ട് ഓപണർ ടാംസിൻ ബ്യൂമോണ്ട് നേടിയത്. താരത്തെ ഇന്ത്യയുടെ ക്രാന്തി ഗൗഡ് പുറത്താക്കുകയായിരുന്നു.
Content highlight: Smriti Mandhana shines India vs England Women's test day 1 score