

2026 ഫിഫ ലോകകപ്പിൽ സെമി-ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ടും നോർവെയും നേർക്കുനേർ വരുന്നു. പുലർച്ചെ 2:30 ന് മിയാമിയിൽ വച്ചാണ് മത്സരം നടക്കുന്നത്. ആതിഥേയരായ മെക്സികോയെ തകർത്താണ് ഇംഗ്ലണ്ടിന്റെ വരവെങ്കിൽ, ബ്രസീലിനെ തളച്ചാണ് നോർവേ ക്വാർട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്.
എന്നാൽ, ഇംഗ്ലണ്ടിനെതിരെ തങ്ങൾ ജയിക്കാൻ നേരിയ സാധ്യത മാത്രമേ ഉള്ളു എന്ന ഹാളണ്ടിന്റെ പ്രതികരണം ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിവച്ച് കഴിഞ്ഞു. അതേസമയം ഹാളണ്ടിന്റെ ഈ പ്രതികരണം ഒരു തന്ത്രമാണെന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് സമ്മർദ്ദങ്ങൾ ഒഴിവാക്കാനുള്ള അതിവിനയം പ്രകടിപ്പിച്ചുകൊണ്ടുള്ള തന്ത്രപരമായ നീക്കം മാത്രമാണെന്നാണ് വിലയിരുത്തലുകൾ.
നായകൻ ഹാരി കെയ്ൻ സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം എന്നിവരുടെ കരുത്തിലാണ് ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകൾ. ഗോളടിയന്ത്രങ്ങളായി കെയ്ൻ - ബെല്ലിങ്ങ്ഹാം സഖ്യത്തിൽ പ്രതീക്ഷ ഉണ്ടെങ്കിലും പ്രതിരോധത്തിലേക്ക് വരുമ്പോൾ ആശങ്കകൾ ഏറെയാണ്. ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ മൂന്ന് മത്സരങ്ങളിലും ഗോളുകൾ വഴങ്ങിരുന്നു. ഹാളണ്ടിൽ തന്നെയാണ് നോർവെയുടെ പ്രതീക്ഷ. 28 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് നോർവേ ലോകകപ്പിനായി യോഗ്യത നേടിയത്. ലോകകിരീടം എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനായി ഇരുടീമുകളും വമ്പൻ മത്സരം തന്നെ പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
Content highlight: England vs Norway FIFA World Cup 2026 quarter final