

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളിങ് സൂപ്പര്‍താരം ജസ്പ്രീത് ബുംറ ഒരു ഫെറാറി കാര്‍ പോലെയാണെന്ന് പറഞ്ഞ് ബൗളിങ് കോച്ച് മോര്‍ണെ മോര്‍ക്കല്‍. വിശാഖപട്ടണത്തില്‍ നടക്കുന്ന നാലാം ട്വന്റി-20ക്ക് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി-20 ലോകകപ്പില്‍ ബുംറയെ എങ്ങനെയാണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'ഏത് ടീമിനെതിരെയാണ് കളിക്കുന്നത് എന്ന് അനുസരിച്ചിരിക്കും ബുംറയെ ഇറക്കുന്നത്. തുടക്കം തന്നെ വിക്കറ്റുകള്‍ വീഴ്ത്തുന്നത് വലിയ കാര്യമായി കണക്കാക്കുന്ന ആളാണ് ഞാന്‍.
ബുംറ ലോകത്തിലെ മികച്ച ബൗളറാണ്. വളരെ സ്‌കില്ലുള്ള താരം. അതിനാല്‍ തന്നെ എപ്പോഴും പ്രതീക്ഷകളുണ്ട്. അത് ചിലപ്പോള്‍ ഒരു ഭാരമായേക്കാം. പ്ലാനുകള്‍ ബുംറക്ക് സൗകര്യമാകുന്ന രീതിയില്‍ ചെയ്യാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. കാരണം ബുംറ ഒരു ഫെറാറി പോലെയാണ്,' മോര്‍ക്കല്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരെയുള്ള മൂന്നാം ടി-20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബുംറ മൂന്ന് വിക്കറ്റ് സ്വന്തമാക്കി കളിയിലെ താരമായി മാറിയിരുന്നു. ടി-20 ലോകകപ്പിന് ഇറങ്ങുമ്പോള്‍ ബുംറയുടെ പ്രകടനം ഇന്ത്യക്ക് ഏറെ പ്രധാനമാണ്. കഴിഞ്ഞ ടി-20 ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ ബുംറയായിരുന്നു ടൂര്‍ണമെന്റിന്റെ താരമായി മാറിയത്.
Content Highlights- Morne Morkel Praises Jasprit Bumrah says he is like ferrari