

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം കൗണ്‍സിലര്‍ വി കെ നിഷാദ് പരോള്‍ ചട്ടം ലംഘിച്ചു. വി കുഞ്ഞികൃഷ്ണനെതിരായ സിപിഐഎം പ്രതിഷേധത്തിലാണ് നൗഷാദ് പങ്കെടുത്തത്. പിതാവിന്റെ ചികിത്സാര്‍ത്ഥമാണ് നൗഷാദിന് പരോള്‍ അനുവദിച്ചത്.
ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാന്‍ പാടില്ലെന്നതാണ് പരോള്‍ച്ചട്ടം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെതിരെ ഇന്നലെ നടന്ന സിപിഐഎം പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇതും കഴിഞ്ഞാണ് നിഷാദ് ജയിലിലേക്ക് മടങ്ങിയത്.
പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി കൂടിയായ നിഷാദിനെതിരെ 20 വര്‍ഷം തടവിനും പിഴയും വിധിച്ചത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കൊമ്മല്‍വയലില്‍ നിന്നും ജനവിധി തേടിയാണ് നിഷാദ് വിജയിച്ചത്.
നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് ശേഷമായിരുന്നു കേസിലെ വിധിവന്നത്. അതിനാല്‍ തന്നെ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരുന്നില്ല. പത്രികപിന്‍വലിക്കാനുള്ള അവസാനദിനത്തിലാണ് കേസില്‍ നിഷാദിനെ കുറ്റക്കാരനായി കണ്ടെത്തിയത്. ജയിലില്‍ കിടന്നാണ് നിഷാദ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
Content Highlights: cpim councillor V K Nishad Violates Parole at kannur