ആഘോഷിക്കാൻ തയ്യാറായിക്കോ; ഐപിഎല്ലിന് വേദിയാകാൻ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയവും

ഐപിഎൽ 2026 സീസണിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കെയാണ് മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ള വേദികളുടെ പട്ടിക പുറത്തുവിട്ടത്

ആഘോഷിക്കാൻ തയ്യാറായിക്കോ; ഐപിഎല്ലിന് വേദിയാകാൻ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയവും
dot image

2026 ഐപിഎല്ലിൽ വേദിയാകാൻ സാധ്യതയുള്ള സ്‌റ്റേഡിയങ്ങളിൽ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം ഇടം പിടിച്ചു. ഐപിഎൽ 2026 സീസണിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാനിരിക്കെയാണ് മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ള വേദികളുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കും ഐപിഎൽ മത്സരങ്ങൾ നേരിട്ട് കാണാൻ അവസരമുണ്ടെന്നുള്ളതാണ് പ്രത്യേകത.

സാധ്യതയുള്ള 18 വേദികളിൽ ഒന്ന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാണ്. എന്നാൽ ഏത് ടീമിന്റെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുകയെന്നുള്ള കാര്യം വ്യക്തമല്ല.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും മത്സരങ്ങൾ നടക്കും. ചിന്നസ്വാമിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളും ഐപിഎല്ലും നടത്താൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ ഐപിഎൽ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷനും സർക്കാരും നിഷ്‌കർഷിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണ് അനുമതി. ആൾക്കൂട്ട നിയന്ത്രണത്തിനു സ്റ്റേഡിയത്തിൽ നാലരക്കോടി രൂപ ചെലവിൽ 350 എഐ ക്യാമറകൾ സ്ഥാപിക്കാമെന്നു ടീം അധികൃതർ വാഗ്ദാനം ചെയ്തിരുന്നു.

ഈ രണ്ട് വേദികൾക്ക് പുറമെ ചെന്നൈ, ഡൽഹി, ലഖ്‌നൗ, മുംബൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, ജയ്പൂർ എന്നിങ്ങനെ ടീമുകളുടെ ഹോം ഗ്രൗണ്ടുകളെല്ലാം ഐപിഎൽ ആവേശത്തിന് വേദിയാകും. കൂടാതെ ധരംശാല, ന്യൂ ചണ്ഡീഗഢ് എന്നീ നഗരങ്ങളും കിഴക്കൻ മേഖലയിൽ ഗുവാഹത്തി, റാഞ്ചി, റായ്പൂർ എന്നിവയും മത്സരങ്ങൾക്ക് ആതിഥ്യമരുളാൻ സാധ്യതയുള്ള വേദികളാണ്. വിശാഖപട്ടണവും പട്ടികയിലുണ്ട്. മഹാരാഷ്ട്രയിൽ മുംബൈക്ക് പുറമെ പൂനെ, നവി മുംബൈ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളും മത്സരങ്ങൾക്കായി പരിഗണിക്കുന്നുണ്ട്.

രാജ്യത്തെ വിവിധ ഇടങ്ങളിലെ ക്രിക്കറ്റ് ആരാധകർക്കെല്ലാം തന്നെ ഐപിഎൽ നേരിട്ട് കാണാനുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് വേദികളുടെ എണ്ണം വിപുലീകരിക്കാൻ തീരുമാനിച്ചത്. .
. ഔദ്യോഗികമായ സ്ഥിരീകരണം ബിസിസിഐ അറിയിച്ചില്ലെങ്കിലും ഈ സാധ്യതാ പട്ടിക ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Content Highlights- Trivandrum Karyavattom Stadium may be one of the host of IPL

dot image
To advertise here,contact us
dot image