

പല്ലുതേച്ചതിന് ശേഷം അല്ലെങ്കിൽ പല്ലുകളിൽ ഫ്‌ളോസിങ്(നൂലുകൾ കൊണ്ട് പല്ലുകൾ വൃത്തിയാക്കുന്ന പ്രക്രിയ) ചെയ്തതിന് ശേഷമോ രക്തത്തിന്റെ സാന്നിധ്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പലരും വായകഴുകി വൃത്തിയാക്കിയ ശേഷം ഇക്കാര്യം അങ്ങ് മറക്കും. ബ്ലീഡ് ചെയ്യുന്ന മോണകൾ ചിലപ്പോൾ കാര്യമായി തന്നെ ശ്രദ്ധിക്കേണ്ട ചില അവസ്ഥകളുടെ ലക്ഷണമാകാം. ഇത് അവഗണിച്ചാൽ ചിലപ്പോൾ വലിയ വില നൽകേണ്ടിയും വരും.
തിരക്കുള്ള ജീവിതത്തിൽ സമ്മർദം, കുടുംബത്തിന്റെ ഉത്തരവാദിത്തം, ദൈന്യദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ചേർന്ന് ആകെ ക്ഷീണിച്ചിരിക്കുമ്പോൾ പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തെ കുറിച്ചൊന്നും ചിന്തിക്കാൻ പലപ്പോഴും ആർക്കും കഴിയാറില്ല. രക്തത്തിന്റെ ചെറിയൊരു പാട് പലപ്പോഴും മോണ സംബന്ധമായ ജിൻജിവൈറ്റിസ് അല്ലെങ്കിൽ പീരിയോഡോൺട്ടിട്ടിസ് എന്നീ അസുഖങ്ങളുടെ ആദ്യഘട്ടത്തിലെ അടയാളമായിരിക്കും.
ഈ അവസ്ഥയെ അവഗണിച്ചാൽ ചിലപ്പോൾ പല്ലുകൾ നഷ്ടപ്പെടാം. തീർന്നില്ല, നീർവീക്ക മുതലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇതിന് പിന്നാലെ വരും. മോണകളിൽ ബ്ലീഡിങ് സംഭവിക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത് എന്നറിയണം.
ഹിമാലയ വെൽനെസ് കമ്പനിയില സീനിയർ റിസർച്ച് സയന്റിസ്റ്റായ ഡോ ഹരിപ്രസാദ് വി ആർ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ബ്ലീഡിങ് ഗമ്മുകൾക്ക് പ്രധാന കാരണം പല്ലുകൾക്ക് വൃത്തിയില്ലാത്തതാണ്. നന്നായി ബ്രഷ് ചെയ്തില്ലെങ്കിൽ പല്ലുകൾക്കും മോണകൾക്കും മുകളിൽ ബാക്ടീരിയയുടെ സാന്നിധ്യമുണ്ടാകും. ഇത് ക്രമേണ കട്ടിയാകും. ഈ സാഹചര്യം മോണകളിലെ കലകളെ അസ്വസ്ഥമാക്കും. പിന്നാലെ നീർവീക്കവും ബ്ലീഡിങും ഉണ്ടാകും.
പ്ലാക്കുകൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന മോണ രോഗത്തിന്റെ ആദ്യ ഘട്ടത്തെയാണ് ജിൻജിവിറ്റിസ് എന്ന് പറുന്നത്. മോണ ചുവന്ന് വീർക്കും. ഈ ഘട്ടത്തിൽ ബ്രഷ് ചെയ്യുമ്പോഴും ഫ്‌ളോസിംഗ് ചെയ്യുമ്പോഴും ബ്ലീഡിങ് ഉണ്ടാകും. ഈ അവസ്ഥയിൽ ചികിത്സ തേടിയില്ലെങ്കിൽ കൂടുതൽ ഗുരുതരമായ പീരിയോഡോൻട്ടിട്ടിസ് എന്ന അവസ്ഥയിലേക്ക് മാറും. ഗം റിസഷൻ എന്ന അവസ്ഥയും പല്ലുകളുമായി ബന്ധപ്പെട്ട എല്ലുകൾക്കും പ്രശ്‌നമുണ്ടാകുന്ന സാഹചര്യത്തിലെത്തും. ഈ അവസരത്തിൽ ദന്തഡോക്ടറിനെ സമീപിച്ചേ തീരു.
വിറ്റാമിന്റെ കുറവും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് സഹായകമാകുന്ന വിറ്റാമിൻ സി ശക്തമായ മോണകൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അതേസമയം വിറ്റാമിൻ കെ രക്തം കട്ടപിടിക്കാൻ സഹായിക്കും. ഇതിലേതെങ്കിലും ഒന്നിന്റെ കുറവ് മോണയിലെ കലകളെ ദുർബലമാക്കും പിന്നാലെ ബ്ലീഡിങ് ഉണ്ടാവുകയും ചെയ്യും. സിട്രസ് പഴങ്ങൾ, ഇലക്കറിക്കൾ, ബെറികൾ, പച്ചക്കറികൾ എന്നിവ മോണ സംബന്ധമായ പ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ കഴിയുന്നവയാണ്. ഇവയിലൂടെ മതിയായ അളവിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ലഭിക്കും.
ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം ഒരു പ്രശ്‌നമാണ്. ഗർഭാവസ്ഥ, ആർത്തവം, ആർത്തവവിരാമം എന്നീ അവസ്ഥകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മോണകളെ സെൻസിറ്റീവാക്കും. ഇതും ബ്ലീഡിങിലേക്ക് നയിക്കും. വൃത്തിയില്ലായ്മ, ഡയറ്റിലുണ്ടാകുന്ന മാറ്റം(അമിതമായി കാർബോ ഹൈഡ്രേറ്റുകൾ കഴിക്കുന്നത്), മോർണിങ് സിക്ക്‌നസ് എന്നിവയെല്ലാം അവസ്ഥ കൂടുതൽ വഷളാക്കും. 60 മുതൽ 75 ശതമാനത്തോളം ഗർഭിണികളെ ബാധിക്കുന്ന പ്രശ്‌നമാണ് പ്രഗ്നൻസി ജിൻജിവിറ്റിസെന്ന് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു.
ചില മരുന്നുകളും മോണയിലെ ബ്ലീഡിങിന് കാരണമാകുന്നുണ്ട്. ബ്ലഡ് തിന്നർ പോലുള്ള മരുന്നുകൾ രക്തം കട്ടപിടിക്കുന്നതിനെ പ്രതിരോധിക്കും. പ്രമേഹം, രക്തസംബന്ധമായ ഹീമോഫീലിയ പോലുള്ള മറ്റ് അസുഖങ്ങൾ ബ്ലീഡിങ് ഗമ്മുകൾക്ക് കാരണമാകും.
ഉപ്പുവെള്ളം കൊണ്ടു കുലുക്കുഴിയുക, പല്ലുകൾ വൃത്തിയായി സൂക്ഷിക്കുക, വിറ്റാമിൻ സി - വിറ്റാമിൻ കെ എന്നിവ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുക ടീ ട്രീ ഓയിൽ ഒന്നോ രണ്ടോ തുള്ളി വെള്ളത്തിലോ വെളിച്ചെണ്ണയിലോ മിക്‌സാക്കി രണ്ടു തവണ ദിവസേന വായയിൽ കൊള്ളുക, മോണയിലും മറ്റും അണുബാധ ഉണ്ടായിൽ മഞ്ഞൾ പേസ്റ്റ് രൂപത്തിലാക്കി തേയ്ക്കുക(വെള്ളത്തിലോ വെളിച്ചെണ്ണയിലോ കുഴയ്ക്കാം) എന്നീ മാർഗങ്ങൾ പരീക്ഷിക്കാം.
Content Highlights: Bleeding gums are commonly caused by plaque buildup leading to gingivitis. Improper brushing or aggressive flossing can irritate gum tissue. Persistent bleeding may indicate early periodontal disease