'ദീപക് യുവതിയോട് മോശമായി പെരുമാറി എന്നത് വ്യാജ പ്രചാരണം'; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍

യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു

'ദീപക് യുവതിയോട് മോശമായി പെരുമാറി എന്നത് വ്യാജ പ്രചാരണം'; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍
dot image

കൊച്ചി: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മെന്‍സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ചോ സിബിഐയോ അന്വേഷിക്കണം എന്നാണ് ആവശ്യം. അപകീര്‍ത്തികരമായ വീഡിയോ സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കേസെടുക്കണമെന്നും മെൻഡ് അസോസിയേഷൻ ആവശ്യപ്പെട്ടു.

പ്രതിയായ യുവതി വിദേശത്തേക്ക് കടന്നുവെന്ന് സംശയമുണ്ട്. യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും മെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സംരക്ഷിക്കണം. പ്രതിയായ യുവതിയെ പൊലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും അസോസിയേഷന്‍ ആരോപിച്ചു.

വ്യാജ വീഡിയോ പ്രചരിക്കപ്പെട്ടതിന്റെ മാനസിക സമ്മര്‍ദം ദീപക്കിന് ഉണ്ടായിരുന്നു. ഇക്കാര്യം ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യക്തമാണ്. ദീപക് യുവതിയോട് മോശമായി പെരുമാറി എന്നത് വ്യാജ പ്രചാരണമാണെന്നും ഹര്‍ജിയില്‍ ആക്ഷേപമുണ്ട്. അഭിഭാഷകനായ എം ജി ശ്രീജിത്ത് മുഖേനയാണ് മെന്‍സ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.

അതേസമയം, വീഡിയോ പകര്‍ത്തി പങ്കുവെച്ച വടകര സ്വദേശി ഷിംജിത ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ഇവർ ശ്രമിക്കുന്നുമുണ്ട്. ഷിംജിത വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സംസ്ഥാനം വിട്ട് മംഗളൂരുവിലേക്ക് എത്തിയെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഷിംജിതയ്ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ദീപക്കിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസം അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കില്‍ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഷിംജിതയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദീപക്കിന്റെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മെഡിക്കല്‍ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Content Highlights: kozhikode deepak death due to bus case mens association seeks independent probe

dot image
To advertise here,contact us
dot image