ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം തുണയായി; 785 ദിവസങ്ങൾക്ക് ശേഷം ടി20 ടീമിൽ; മൂന്നാമനായി ഇഷാൻ

പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു

ആഭ്യന്തര ക്രിക്കറ്റിലെ മിന്നും ഫോം തുണയായി; 785 ദിവസങ്ങൾക്ക് ശേഷം ടി20 ടീമിൽ; മൂന്നാമനായി ഇഷാൻ
dot image

നീണ്ട രണ്ട് വർഷത്തിലേറെയായുള്ള കാത്തിരിപ്പിന് ശേഷം ഇഷാൻ കിഷൻ ഇന്ത്യൻ ടീമിനായി ടി20 മത്സരം കളിക്കാനൊരുങ്ങുകയാണ്. ബുധനാഴ്ച ന്യൂസീലൻഡിനെതിരായ ഒന്നാം ടി20-യിൽ ഇഷാൻ ഇന്ത്യൻ ടീമിലുണ്ടാകുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് അറിയിച്ചത്. നാഗ്പുരിൽ നടക്കുന്ന മത്സരത്തിൽ താരം ഇന്ത്യയ്ക്കായി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്നും സൂര്യ വ്യക്തമാക്കി.

പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടീമിലേക്ക് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തിരുന്നുവെങ്കിലും മൂന്നാം നമ്പറിൽ ഇഷാൻ കിഷൻ കളിക്കുമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്ഥിരീകരിച്ചു. നാഗ്പൂരിൽ മത്സരത്തിന് മുന്നേയുള്ള വാർത്താ സമ്മേളനത്തിലാണ് സൂര്യയുടെ പ്രതികരണം.

'ഇഷാൻ നാളെ മൂന്നാം നമ്പറിൽ കളിക്കും. ലോകകപ്പ് ടീമിലേക്ക് ഞങ്ങൾ ആദ്യം തിരഞ്ഞെടുത്തത് അവനെയാണ്, അതിനാൽ അവന് അവസരം നൽകുന്നതാണ് നീതി' , സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

2023 നവംബർ 28-ന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇഷാൻ കിഷൻ അവസാനമായി ഇന്ത്യയ്ക്കായി ഒരു ടി20 മത്സരം കളിച്ചത്. വളരെക്കാലം ടീമിൽ നിന്ന് വിട്ടുനിന്ന ശേഷം, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമാണ് 27-കാരനെ വീണ്ടും ദേശീയ ടീമിലെത്തിച്ചത്.

ഝാർഖണ്ഡിനെ സയ്യിദ് മുഷ്താഖ് അലി കിരീടത്തിലേക്ക് നയിച്ച പ്രകടനമാണ് ഇഷാനെ വീണ്ടും ദേശീയ ടീമിലെത്തിച്ചിരിക്കുന്നത്. ടൂർണമെന്റിലെ 10 ഇന്നിങ്‌സുകളിൽ നിന്നായി 57.44 എന്ന മികച്ച ശരാശരിയിൽ 517 റൺസാണ് താരം നേടിയത്. 197-ൽ കൂടുതലായിരുന്നു സ്‌ട്രൈക്ക് റേറ്റ്. ഹരിയാണക്കെതിരായ ഫൈനലിൽ വെറും 49 പന്തുകളിൽ നിന്ന് 101 റൺസ് നേടി ടീമിന്റെ കിരീടവിജയത്തിൽ നിർണായക സാന്നിധ്യവുമായി.

Content Highlights:ishan kishan dramatic comeback to indian t20 team with sayyid mushaq ali trophy perfomance

dot image
To advertise here,contact us
dot image