

ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ സംസാരവിഷയം അക്ഷയ് ഖന്ന ആണ്. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ദർ എന്ന സിനിമയിൽ അക്ഷയ് ഖന്ന അവതരിപ്പിച്ച കഥാപാത്രം വലിയ കയ്യടികൾ ആണ് നേടുന്നത്. ചിത്രത്തിലെ നടന്റെ പ്രകടനവും ഒരു രംഗത്തിലെ ഡാൻസുമെല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് അക്ഷയ് ഖന്നയെ തേടി ഇത്രയും വലിയ ഒരു ഹിറ്റ് വരുന്നത്. ബോളിവുഡിൽ നടന് ഒരു പ്രതാപകാലം ഉണ്ടായിരുന്നു. അന്ന് നടനോട് ആരാധന തോന്നാത്ത നായികമാർ വിരളമായിരുന്നു. ഇപ്പോഴിതാ കരീന കപൂറിന്റെ ക്രഷ് ആയിരുന്നു അക്ഷയ് ഖന്ന എന്ന വാർത്ത വീണ്ടും ശ്രദ്ധ നേടുകയാണ്.
റോഷെൽ പിന്റോ എഴുതിയ ‘കരീന കപൂർ: ദി സ്റ്റൈൽ ഡയറി ഓഫ് എ ബോളിവുഡ് ദിവ’ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തിൽ, അക്ഷയ് ഖന്നയെ കണ്ടപ്പോൾ തനിക്ക് എത്രത്തോളം ആരാധന തോന്നിയിരുന്നുവെന്ന് കരീന കപൂർ തുറന്നു പറയുന്നുണ്ട്. അന്ന് കരീന ഒരു ടീനേജറായിരുന്നു. സഹോദരി കരീഷ്മ കപൂറിനൊപ്പം പതിവായി സിനിമാ ഷൂട്ടിംഗ് സെറ്റുകളിലേക്ക് പോകുകയും, സിനിമയുടെ ലോകം നേരിട്ട് അനുഭവിക്കുകയും ചെയ്തിരുന്ന കാലം.
'അന്ന് എനിക്ക് അക്ഷയ് ഖന്നയോട് വലിയൊരു ക്രഷ് ഉണ്ടായിരുന്നു. അവൻ അടുത്തുണ്ടാകുമ്പോൾ തലമുതൽ കാൽവരെ ഞാൻ ലജ്ജിച്ച് ചുവന്നുപോകുമായിരുന്നു. ഞാൻ പൂർണമായും സ്റ്റാർസ്ട്രക്ക് ആയിരുന്നു. ഞാൻ വലിയൊരു നടിയാകുമെന്ന് പലരോടും ആതമവിശ്വാസത്തോടെ പറയുമായിരുന്നു,' കരീന പറഞ്ഞു. പിന്നീട് കരീന അഭിനയരംഗത്തെത്തിയപ്പോൾ, ‘ഹൽചൽ’ എന്ന ചിത്രത്തിൽ അക്ഷയ് ഖന്നയോടൊപ്പം അഭിനയിക്കുകയും ചെയ്തു.
അതേസമയം, ധുരന്ദറിലെ അക്ഷയ് ഖന്നയ്ക്ക് മികച്ച വരവേൽപ്പാണ് ആരാധകർ നൽകിയത്. സിനിമയിലെ ഒരു ഡാൻസ് രംഗം വൈറലായിരുന്നു. ആ ഡാൻസ് രംഗം കൊറിയോഗ്രാഫി ചെയ്തതല്ലെന്നും അക്ഷയ് ഖന്ന സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നും സിനിമയിലെ സഹനടൻ ഡാനിഷ് പറഞ്ഞത് വൈറലായിരുന്നു. അക്ഷയ് ഖന്നയുടെ ഈ സീനിനെ വെച്ച് നിറയെ എഡിറ്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടൻ കാഴ്ചവെച്ചിരിക്കുന്നത്. റഹ്മാൻ ദകൈത് എന്ന വില്ലനെയാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിച്ചത്.
Content Highlights: Actor Kareena Kapoor said she had a crush on Akshaye Khanna during her teenage years. Recalling her younger days, she shared the memory with fondness, offering a glimpse into her early admiration before she entered the film industry.