

തനിക്കും ഭാര്യ വിക്ടോറിയ ബെക്കാമിനും നേരെയുള്ള മകൻ ബ്രൂക്‌ലിൻ ബെക്കാമിന്റെ ആരോപണങ്ങളിൽ ആദ്യ പ്രതികരണവുമായി ഡേവിഡ് ബെക്കാം. കുട്ടികൾ തെറ്റുകൾ വരുത്താൻ സാധ്യതയുണ്ടെന്നും, അവർക്ക് പഠിക്കാനുള്ള ഒരേയൊരു മാർഗ്ഗം അതുമാത്രമാണെന്നും ഡേവിഡ് ബെക്കാം പറഞ്ഞു.
'സ്വന്തം കുട്ടികളെ പഠിപ്പിക്കുമ്പോഴും അദ്ദേഹം അതേ വിശ്വാസം തന്നെയാണ് പുലർത്തിയിട്ടുള്ളത്, സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടെ ജാഗ്രത വേണം, അത് തെറ്റ് വരുത്തുന്നതിലൂടെ അവർ പഠിക്കുമെന്നും സി എൻ ബി സി ക്ക് നൽകിയ അഭിമുഖത്തിൽ ബെക്കാം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ബെക്കാം കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി മകൻ ബ്രൂക്‌ലിൻ ബെക്കാം രംഗത്തെത്തിയിരുന്നു. ബെക്കാം കുടുംബത്തിൽ ഭിന്നതയാണെന്ന റിപ്പോർട്ടുകൾ മാസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ആറു പേജുള്ള ഒരു സോഷ്യൽ മീഡിയ പ്രസ്താവനയിലൂടെ ബ്രൂക്‌ലിൻ മൗനം വെടിഞ്ഞത്.
മാതാപിതാക്കളുമായി അകൽച്ചയിലാണെന്ന അഭ്യൂഹം ശരിവച്ച 26 വയസ്സുകാരനായ ബ്രൂക്‌ലിൻ, ഭാര്യയായ ഹോളിവുഡ് നടി നിക്കോള പെൽറ്റ്സിനൊപ്പം തന്റെ ജീവിതം തുടരുമെന്നും വ്യക്തമാക്കി. മുറിഞ്ഞുപോയ ബന്ധങ്ങൾ ഇനി കൂട്ടിച്ചേർക്കാനുള്ള സാധ്യതയില്ലെന്നും ബ്രൂക്‌ലിൻ പറഞ്ഞു. കുടുംബാംഗങ്ങളെ, ബ്രൂക്‌ലിൻ ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തെന്ന റിപ്പോർട്ട് കഴിഞ്ഞമാസം പുറത്തുവന്നതോടെയാണ് കുടുംബകലഹം പരസ്യമായത്.
ബെക്കാം കുടുബവും അത്ര നല്ല ബന്ധത്തിലല്ലെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിക്കോളയുമായുള്ള അടുപ്പത്തോടെയാണ് കുടുംബ ബന്ധത്തിൽ വിള്ളലുണ്ടാകുന്നത്. ശതകോടീശ്വരനായ ബിസിനസ്സുകാരൻ നെൽസൺ പെൽറ്റ്സിന്‍റെയും മോഡൽ ക്ലൗഡിയ ഹെഫ്നർ പെൽറ്റ്സിന്‍റെയും മകളായ നിക്കോളയെ 2022ലാണ് ബെക്കാമിന്‍റെ മകൻ വിവാഹം കഴിക്കുന്നത്.
Brooklyn Beckham speaks out against parents Victoria and David Beckham:
— Pop Base (@PopBase) January 19, 2026
“I do not want to reconcile with my family. I'm not being controlled, I’m standing up for myself for the first time in my life. […] My parents have been trying endlessly to ruin my relationship since before… pic.twitter.com/FBFlK1d4fu
ജീവിതകാലം മുഴുവൻ, തന്റെ മാതാപിതാക്കൾ യഥാർഥ കുടുംബ ബന്ധങ്ങളേക്കാൾ പൊതുജന ബന്ധങ്ങൾക്കും വ്യാജ സ്നേഹ പ്രകടനങ്ങൾക്കുമാണ് മുൻഗണന നൽകിയതെന്ന് ബ്രൂക്‌ലിൻ ആരോപിച്ചു. തന്റെ വിവാഹം മുടക്കാൻ പിതാവായ ബെക്കാമും മാതാവായ വിക്ടോറിയയും നോക്കിയെന്നും മകൻ ആരോപിച്ചു.
2022ൽ ബ്രൂക്‌ലിന്റെ വിവാഹത്തിന് ആഴ്ചകൾക്ക് മുൻപ്, സ്വന്തം പേരിന്റെ നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടുത്താൻ മാതാപിതാക്കൾ പലതവണ സമ്മർദം ചെലുത്തുകയും കൈക്കൂലി നൽകാൻ ശ്രമിക്കുകയും ചെയ്തെന്നും അവകാശപ്പെട്ടു. ഭാവിയിൽ തന്റെ കുട്ടികൾക്കു പോലും ദോഷം വരുത്തുന്ന കാര്യമായിരുന്നു ഇതെന്ന് ബ്രൂക്‌ലിൻ പറഞ്ഞു.
തന്റെ വിവാഹദിനത്തെക്കുറിച്ചുള്ള കിംവദന്തികളിൽ വിശദീകരണം നൽകിയ ബ്രൂക്‌ലിൻ, താനും ഭാര്യയും ഒന്നിച്ചുള്ള ആദ്യ നൃത്തം അമ്മ വിക്ടോറിയ ‘ഹൈജാക്ക്’ ചെയ്തെന്ന് ആരോപിച്ചു. തനിക്കും ഭാര്യ നിക്കോളയ്ക്കുമായി ഒരു റൊമാന്റിക് ഗാനം ക്രമീകരിച്ചിരുന്നെന്നും എന്നാൽ വിക്ടോറിയ ചാടിക്കയറി തന്നോടൊപ്പം നൃത്തം ചെയ്യുകയായിരുന്നെന്നും ബ്രൂക്‌ലിൻ പറഞ്ഞു. ഇതോടെ താൻ വളരെ അസ്വസ്ഥനായെന്നും നൂറുകണക്കിന് അതിഥികൾക്ക് മുന്നിൽ ആ നിമിഷം അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:David Beckham's First Reaction After Son Brooklyn's allegation