മത്സരശേഷം കൈകൊടുത്ത് ഇന്ത്യ-ബംഗ്ലാദേശ് താരങ്ങള്‍; ടോസിന് ശേഷം നടന്നത് മനഃപൂര്‍വമല്ലെന്ന് ബിസിബി

അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാര്‍ ടോസിട്ട ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെക്ക് കൈ കൊടുക്കാതെയാണ് കയറിപ്പോയത്

മത്സരശേഷം കൈകൊടുത്ത് ഇന്ത്യ-ബംഗ്ലാദേശ് താരങ്ങള്‍; ടോസിന് ശേഷം നടന്നത് മനഃപൂര്‍വമല്ലെന്ന് ബിസിബി
dot image

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് ഹസ്തദാനം നൽകാത്തതിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നും ആ സമയത്തെ അശ്രദ്ധയാണ് കാരണമായതെന്നും ബിസിബി വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു. മത്സരശേഷം ഇരു ടീമുകളിലെയും താരങ്ങൾ തമ്മില്‍ പതിവ് രീതിയിലുള്ള ഹസ്തദാനത്തിന് തയാറാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിസിബി വ്യക്തത വരുത്തിയത്.

ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അണ്ടർ 19 ലോകകപ്പിലെ ഹസ്തദാനവിവാദം. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്റാറുമാണ് ടോസിനായി എത്തിയത്. ഏഷ്യാ കപ്പിനിടെ ഉണ്ടായ ഇന്ത്യ-പാകിസ്താന്‍ താരങ്ങളുടെ ഹസ്തദാന വിവാദത്തെ ഓര്‍മിപ്പിച്ചാണ് ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാര്‍ ടോസിട്ട ശേഷം ആയുഷ് മാത്രെക്ക് കൈ കൊടുക്കാതെ കയറിപ്പോയത്.

ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് താരങ്ങൾ അത്തരത്തിൽ പ്രതികരിച്ചതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ അങ്ങനെയല്ലെന്നും ഒന്നും അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു. അസുഖം കാരണമാണ് ക്യാപ്റ്റനായ അസീസുൽ ഹക്കീം ടോസിനെത്താതിരുന്നത് എന്നും ബിസിബി വിശദമായ വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി. ആ സമയത്തെ അശ്രദ്ധ മാത്രമാണ് ഹസ്തദാനം നൽകാതിരുന്നതിന് കാരണം. എതിരാളികളോട് ഒരു തരത്തിലുള്ള അവഗണയും അപമര്യാദയും പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ബിസിബി പറഞ്ഞു.

അതേസമയം മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയം സ്വന്തമാക്കി. ആവേശപ്പോരിൽ 18 റണ്‍സിനാണ് ഇന്ത്യൻ കൗമാരപ്പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 48.3 ഓവറില്‍ 238 റണ്‍സാണ് എടുത്തത്. മഴ വില്ലനായി എത്തിയ മത്സരത്തിൽ‌ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 29 ഓവറില്‍ 165 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ 28.3 ഓവറില്‍ 146 റണ്‍സിന് ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

Content Highlights: 'no-handshake' incident at India vs Bangladesh U19 World Cup was unintentional, BCB breaks silence

dot image
To advertise here,contact us
dot image