

2025-26 സീസണിലെ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്ക് വീണ്ടും തിരിച്ചടി. ടൂർണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മുംബൈയ്ക്ക് വേണ്ടി സൂപ്പർ താരം യശസ്വി ജയ്‌സ്വാൾ കളിക്കില്ല. മുംബൈ ക്രിക്കറ്റ് അസോസിയേഷനെ ജയ്സ്വാൾ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. നേരത്തെ അജിങ്ക്യ രഹാനെയും വ്യക്തിപരമായ കാരണങ്ങളാൽ രഞ്ജിയിൽ കളിക്കില്ലെന്ന് അറിയിച്ചിരുന്നു.
കിരീടപ്പോരാട്ടത്തിൽ മുന്നേറുന്ന മുംബൈയെ സംബന്ധിച്ചിടത്തോളം ജയ്‌സ്വാളിന്റെ അഭാവം വലിയൊരു തിരിച്ചടിയാണ്. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ മുൻനിര ബാറ്ററായ 24കാരനായ ജയ്‌സ്വാൾ, കഴിഞ്ഞ നവംബറിൽ രാജസ്ഥാനെതിരായ മത്സരത്തിലാണ് അവസാനമായി മുംബൈയ്ക്ക് വേണ്ടി പാഡ് അണിഞ്ഞത്. അന്ന് നടന്ന മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി 67, 156 എന്നിങ്ങനെ മികച്ച സ്കോറുകൾ താരം നേടിയിരുന്നു.
രഞ്ജിയിൽ ഹൈദരാബാദിനും ഡൽഹിക്കുമെതിരെയാണ് മുംബൈയുടെ ഇനിയുള്ള മത്സരങ്ങൾ. നിലവിൽ എലൈറ്റ് ഗ്രൂപ്പ് ഡിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി മുംബൈ ഒന്നാം സ്ഥാനത്താണ്. ജനുവരി 22-ന് ഹൈദരാബാദിനെതിരെയും പിന്നീട് ഡൽഹിക്കെതിരെയുമാണ് മുംബൈയുടെ അടുത്ത മത്സരങ്ങൾ.
Content Highlights: Big Blow for Mumbai; Yashasvi Jaiswal Not Available For Remainder Of Ranji Trophy 2025-26