'ഞങ്ങളെ ഹോസ്റ്റലിലേക്ക് കയറാൻ അനുവദിച്ചില്ല; മകൾ ജീവനൊടുക്കില്ല'; സായിയിൽ മരിച്ച വിദ്യാർത്ഥിനിയുടെ പിതാവ്

കുട്ടിക്കെന്ത് സംഭവിച്ചുവെന്ന് പറഞ്ഞില്ലെന്നും പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

'ഞങ്ങളെ ഹോസ്റ്റലിലേക്ക് കയറാൻ അനുവദിച്ചില്ല; മകൾ ജീവനൊടുക്കില്ല'; സായിയിൽ മരിച്ച വിദ്യാർത്ഥിനിയുടെ പിതാവ്
dot image

കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) ഹോസ്റ്റലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ സംശയമുണ്ടെന്നും പിതാവ് ആരോപിച്ചു.

തങ്ങള്‍ ചെല്ലുമ്പോഴും ഹോസ്റ്റലിലേക്ക് കയറാന്‍ അനുവദിച്ചിരുന്നില്ല. പ്രശ്‌നം ഉണ്ടാക്കിയപ്പോഴാണ് കാണാന്‍പോലും അനുവദിച്ചത്. ഒരു മണിക്കോറോളം നിന്നു. കുട്ടിക്കെന്ത് സംഭവിച്ചുവെന്ന് പറഞ്ഞില്ലെന്നും പിതാവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ഹോസ്റ്റലിനെതിരെ ആരോപണങ്ങളുമായി മുന്‍ വിദ്യാര്‍ത്ഥിനിയും രംഗത്തെത്തി. ജയില്‍ പോലുള്ള അന്തരീക്ഷവും പൊതുവായ അപമാനവും മാനസിക പീഡനവുമാണ് അവിടെയെന്ന് 19 കാരിയായ കോഴിക്കോട് സ്വദേശിനി ആരോപിച്ചു.

നല്ല രീതിയില്‍ ഹരാസ് ചെയ്യുമായിരുന്നു. നമ്മളൊരു കാര്യം പറഞ്ഞാലത് കേള്‍ക്കാന്‍പോലും ആരുമില്ല. റൂമില്‍ തന്നെ ഇരിക്കണം. പുറത്തുപോയാല്‍ ആണ്‍കുട്ടികളെ നോക്കിയെന്നൊക്കെ പറഞ്ഞ് വാര്‍ഡന്‍ പ്രശ്‌നമുണ്ടാക്കും. അവര്‍ വീട്ടില്‍ വിളിച്ച് അച്ഛനോട് പറഞ്ഞ് വലിയ പ്രശ്‌നമുണ്ടാക്കി. 2023-24ല്‍ തന്റെ പഠനം നശിപ്പിച്ചു. തന്റെ ഹോക്കിയിലെ ലൈഫ് പോലും നിന്നു. നേരത്തെ കല്യാണം കഴിക്കേണ്ടി വന്നതുപോലും അതുകൊണ്ടാണ്. വീട്ടിലാരും സപ്പോര്‍ട്ട് ചെയ്തില്ല. അവര്‍ വിളിച്ച് അനാവശ്യകാര്യങ്ങള്‍ പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊക്കെയായതെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.

അതേസമയം, ഹോസ്റ്റലില്‍ രണ്ട് വിദ്യാര്‍ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിനും സമീപ പ്രദേശത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഹോസ്റ്റലിലെ അന്തേവാസികളായ കുട്ടികള്‍ അവധി കഴിഞ്ഞ് തിരിച്ചു വരുന്ന മുറയ്ക്ക് മൊഴി രേഖപ്പെടുത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ വരുന്നതുവരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം.

കോഴിക്കോട് സ്വദേശിനിയായ 18കാരിയും തിരുവനന്തപുരം സ്വദേശിനിയായ 15കാരിയുമാണ് ഹോസ്റ്റലില്‍ ജീവനൊടുക്കിയത്. പുലര്‍ച്ചെ അഞ്ചിന് പരിശീലനം ആരംഭിച്ചപ്പോള്‍ ഇരുവരും എത്താതിരുന്നതിനെ തുടര്‍ന്ന് സെക്യൂരിറ്റിയും പരിശീലകരും അന്വേഷിച്ച് ചെന്നപ്പോഴാണ് കോഴിക്കോട് സ്വദേശിനിയുടെ മുറിയില്‍ ഇരുവരെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് ഫാനുകളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇുവരുടെയും പോക്കറ്റില്‍ നിന്നും ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു.

സായ് ഹോസ്റ്റലിലെ അവസ്ഥയാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്ന ആരോപണവുമായി നേരത്തെ സായ് പരിശീലകനായിരുന്ന ഒളിംപ്യന്‍ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

Content Highlights: sports authority of india hostel faces serious allegations after death of thiruvananthapuram student

dot image
To advertise here,contact us
dot image