

അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് വിജയം. ആവേശപ്പോരിൽ 18 റണ്‍സിനാണ് ഇന്ത്യൻ കൗമാരപ്പട വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 48.3 ഓവറില്‍ 238 റണ്‍സാണ് എടുത്തത്. മഴ വില്ലനായി എത്തിയ മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 29 ഓവറില്‍ 165 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിനെ 28.3 ഓവറില്‍ 146 റണ്‍സിന് ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ബോളിങ് കരുത്തിന് മുന്നിൽ ബംഗ്ലാദേശിന് പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി വിഹാന്‍ മല്‍ഹോത്ര നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ ഖിലന്‍ പട്ടേല്‍ രണ്ടും, ദീപേഷ് ദേവേന്ദ്രന്‍, ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 72 പന്തില്‍ 51 റണ്‍സെടുത്ത അസിസുല്‍ ഹഖിം തമീമിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ പിടിച്ചുനില്‍ക്കാനായത്.
ബുലവായോ, ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് വൈഭവ് സൂര്യവംശിയുടെയും അഭിഗ്യാന്‍ കുണ്ടുവിന്റെയും ബാറ്റിങ് മികവാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 112 പന്തില്‍ 80 റണ്‍സെടുത്ത അഭിഗ്യാന്‍ അഭിഷേക് കുന്ദുവാണ് ടോപ് സ്‌കോറര്‍. ഫോമിലേക്ക് തിരികെയെത്തിയ വൈഭവ് സൂര്യവംശി 67 പന്തില്‍ 72 റണ്‍സെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. ബംഗ്ലാദേശിന് വേണ്ടി അല്‍ ഫഹദ് അഞ്ച് വിക്കറ്റ് നേടി തിളങ്ങി.
Content Highlights: U19 World Cup 2026: Vihaan Malhotra Shines In India U19's Comeback Win vs Bangladesh