

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ പരമ്പര ആര്‍ക്കെന്ന് നിര്‍ണയിക്കുന്നത് മൂന്നാം മത്സരമായിരിക്കും. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തിനുള്ള ടീമിൽ എന്തൊക്കെ മാറ്റങ്ങളാകും എന്ന ആകാംഷയിലാണ് ആരാധകർ.
രവീന്ദ്ര ജഡേജയ്ക്ക് പകരം ആയുഷ് ബദോനി അരങ്ങേറ്റം കുറിച്ചേക്കും. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അർഷ്ദീപ് സിംഗ് ടീമിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും തുടരുമെന്നതിനാല്‍ യശസ്വി ജയ്സ്വാള്‍ മൂന്നാം മത്സരത്തിലും പുറത്തിരിക്കും. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയില്ലെങ്കിലും മൂന്നാം നമ്പറിൽ മിന്നും ഫോമിലുള്ള വിരാട് കോഹ്‌ലിയിൽ തന്നെയാകും ആരാധകരുടെ പ്രതീക്ഷ.
നാലാമനായി ശ്രേയസ് എത്തും. ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യര്‍ക്ക് രണ്ടാം മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. രണ്ടാം ഏകദിനത്തില്‍ അപരാജിത സെഞ്ചുറിയുമായി ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ച കെ എല്‍ രാഹുല്‍ തന്നെ അഞ്ചാമനായി ക്രീസിലെത്തും.
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ രവീന്ദ്ര ജഡേജ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും. പകരം ആയുഷ് ബദോനിക്ക് ആറാം നമ്പറിൽ ഇടം ലഭിക്കുമെന്നാണ് കരുതുന്നത്. സുന്ദറും ഒരുമിച്ച് പ്ലേയിംഗ് ഇലവനിലില്ലാത്ത സാഹചര്യത്തില്‍ രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡി പ്ലേയിംഗ് ഇലവനില്‍ ഏഴാം നമ്പറിൽ സ്ഥാനം നിലനിര്‍ത്തും.
കോച്ച് ഗൗതം ഗംഭീറിന്‍റെ വിശ്വസ്തനായ പേസര്‍ ഹര്‍ഷിത് റാണ എട്ടാം സ്ഥാനത്തും കുൽദീപ് യാദവ് ഒമ്പതാമതും എത്തും. ആദ്യ രണ്ട് കളികളിലും കാര്യമായ പ്രഭാവം സൃഷ്ടിക്കാതിരുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവും. പകരം അര്‍ഷ്ദിപ് സിംഗ് പ്ലേയിംഗ് ഇലവനിലെത്തും. ആദ്യ രണ്ട് മത്സരങ്ങളിലേതുപോലെ പേസ് നിരയെ മുഹമ്മദ് സിറാജ് തന്നെ നയിക്കും.
Content Highlights: ; jadeja out; india probable eleven for third odi vs nz