

ലിസ്റ്റ് എ ക്രിക്കറ്റിൽ ചരിത്രം കുറിച്ച് വിദര്‍ഭ ബാറ്റർ അമന്‍ മൊഖാതെ. വിജയ് ഹസാരെ ട്രോഫി സെമി ഫൈനലിൽ നിർണായക സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് അമന്‍ ലോകറെക്കോർഡ് സ്വന്തമാക്കിയത്. അമന്‍ മൊഖാതെ നേടിയ കരുത്തുറ്റ സെഞ്ച്വറിയുടെ ബലത്തിലാണ് വിജയ് ഹസാരെയിൽ കര്‍ണാടകയെ വീഴ്ത്തി വിദര്‍ഭ ഫൈനലിലേക്ക് മുന്നേറിയത്
സെമിയിലെ സെഞ്ച്വറി നേട്ടത്തിനൊപ്പം ലിസ്റ്റ് എയിലെ ഒരു റെക്കോര്‍ഡിനൊപ്പവും താരമെത്തി. ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് അമന്‍ തന്റെ പേരും എഴുതി ചേര്‍ത്തത്. 16 ഇന്നിങ്‌സുകള്‍ കളിച്ചാണ് താരം 1000 റണ്‍സ് അടിച്ചെടുത്തത്. റെക്കോർഡിൽ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ഗ്രെയാം പൊള്ളോക്കിന്റെ റെക്കോര്‍ഡിനൊപ്പമാണ് അമന്‍ എത്തിയത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും ഇനി അമന്റെ പേരിലാണ്. 17 ഇന്നിങ്‌സുകളില്‍ നിന്ന് 1000 റണ്‍സിലെത്തിയ ദേവ്ദത്ത് പടിക്കല്‍, അഭിനവ് മുകുന്ദ് എന്നിവരുടെ റെക്കോര്‍ഡാണ് അമന്‍ തിരുത്തിയത്.
Content Highlights: Vijay Hazare Trophy: Vidarbha batter Aman Mokhade creates World Record with stellar show vs Karnataka in semifinal