രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റാനുള്ള ബുദ്ധി ഗംഭീറിന്റേത്; തുറന്നടിച്ച് മുൻ താരം

ഗംഭീറിനെതിരെ നേരത്തെയും ഒരുപാട് വിമർശനങ്ങൾ തിവാരി ഉന്നയിച്ചിട്ടുണ്ട്

രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്നും  മാറ്റാനുള്ള ബുദ്ധി ഗംഭീറിന്റേത്; തുറന്നടിച്ച് മുൻ താരം
dot image

ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് മുഖ്യപരിശീലകൻ ഗൗതം ഗംഭീറാണ് ആരോപിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. രോഹിത്തിനെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ ചീഫ് സെലക്ടറായ അജിത് അഗാർക്കറിൽ ഗംഭീർ സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെന്നും ഇതിന് പിന്നിൽ ഗംഭീറിന്റെ ബുദ്ധിയാണെന്നും മനോജ് തിവാരി പറഞ്ഞു. ഗംഭീറിനെതിരെ നേരത്തെയും ഒരുപാട് വിമർശനങ്ങൾ തിവാരി ഉന്നയിച്ചിട്ടുണ്ട്.

ക്യാപ്റ്റൻസിയിൽ നിന്നും രോഹിത്തിനെ മാറ്റാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് എനിക്കറിയില്ല. അഗാർക്കർ ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും പിന്നോട്ടു പോകുന്ന ആളല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷെ ആ തീരുമാനം എടുക്കാൻ അഗാർക്കറെ ആരെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. ഇതിന് പിന്നിൽ ഒരുപാട് കളികൾ നടന്നിട്ടുണ്ട്. ഒന്നും ഒന്നും രണ്ടെന്ന് പറയുന്നതുപോലെ സിംപിളല്ല കാര്യങ്ങൾ.

Also Read:

അഗാർക്കർക്ക് ഒറ്റക്കൊരു തീരുമാനം എടുക്കാനാവില്ല. അതിന് മുമ്പ് അദ്ദേഹം ഗംഭീറിൻറെ അഭിപ്രായം തേടിയിട്ടുണ്ടാവുമെന്നുറപ്പ്. അല്ലാതെ സ്വന്തം നിലക്ക് അഗാർക്കർക്ക് അത്തരമൊരു നിർണായക തീരുമാനം എടുത്തേക്കില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ മാറ്റിയതിന് പിന്നിൽ അഗാർക്കർക്കെന്ന പോലെ ഗംഭീറിനും തുല്യ ഉത്തരവാദിത്തമുണ്ട്,' മനോജ് തിവാരി പറഞ്ഞു.

രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയ രീതിയെയും തിവാരി ചോദ്യം ചെയ്തു. 'ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിത്തന്ന രോഹിത്തിനെ അപമാനിക്കുന്നതിന് തുല്യമായിട്ടാണ് എനിക്ക് തോന്നിയത്. രോഹിത് മികവ് തെളിയിച്ച നായകനാണ്. അതുകൊണ്ട് തന്നെ കുറച്ചുകൂടി ബുദ്ധിപരമായി ഇക്കാര്യം കൈകാര്യം ചെയ്യാമായിരുന്നു. 2027ലെ ഏകദിന ലോകകപ്പിൽ രോഹിത് കളിക്കുമോയെന്ന് എന്തിനാണ് ആളുകൾ ഇപ്പോഴും സംശയിക്കുന്നത്. അദ്ദേഹം മൂന്ന് ഡബിൾ സെഞ്ചുറികൾ നേടിയപ്പോൾ ഈ സംശയം ഇല്ലായിരുന്നു. ഇത്രയും വലിയൊരു കളിക്കാരനെ ക്യാപ്റ്റനെന്ന നിലയിൽ കഴിവുതെളിയിച്ചൊരു താരത്തെ മാറ്റേണ്ട എന്ത് കാര്യമാണുണ്ടായിരുന്നത്,' മനോജ് തിവാരി ചോദിച്ചു.

Content Highlights- Manoj Tiwari Says Gambhir is Responsible for Rohits Removal as captain

dot image
To advertise here,contact us
dot image