

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധങ്ങൾ പഴയ സ്ഥിതിയിലാക്കാൻ ചർച്ചകളിലൂടെ പരിഹാരം കാണണമെന്ന് നിർദേശിച്ച മുൻ ബംഗ്ലാദേശ് ഓപ്പണറും നായകനുമായ്രുന്ന തമീം ഇക്ബാലിനെ ഇന്ത്യൻ ഏജൻറ് എന്ന് വിളിച്ച് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നസ്മുൾ ഇസ്ലാം അപമാനിച്ചിരുന്നു. ഇതിനെതിരെ കടുത്ത നടപടിക്കൊരുങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. നസ്മുൾ ഇസ്ലാമിൻറെ പരാമർശം ബോർഡിൻറെ നിലപാടല്ലെന്നും കളിക്കാരെ അപമാനിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
തമീം ഇക്ബാലിനെ ഇന്ത്യ ഏജൻറെന്ന് വിളിച്ച് അപമാനിച്ച നസ്മുൾ ഇസ്ലാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്ബംഗ്ലദേശിലെ താരങ്ങളുടെ സംഘടനയായ ക്രിക്കറ്റേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഓഫ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്.
നസ്മുൾ ഇസ്ലാമിൻറെ പരാമർശത്തിൽ ക്രിക്കറ്റ് ബോർഡ് ഖേദം രേഖപ്പെടുത്തുന്നുവെന്നും ഉന്നതസ്ഥാനത്തിരിക്കുന്നൊരാൾ കാത്തുസൂക്ഷിക്കേണ്ട മൂല്യങ്ങൾക്കും തത്വങ്ങൾക്കും നിരക്കുന്നതല്ല ഈ പ്രസ്താവനയെന്നും ബോർഡ് വ്യക്തമാക്കി. നസ്മുൾ ഇസ്ലാം വ്യക്തിപരമായി നടത്തുന്ന പ്രസ്താവനകൾക്ക് ക്രിക്കറ്റ് ബോർഡിന് ഉത്തരവാദിത്തമില്ലെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അല്ലാതെ വരുന്ന പ്രസ്താവനകളൊന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻറെ നിലപാടല്ലെന്നും ബോർഡ് തുറന്നടിച്ചു.
താരങ്ങളെ അപമാനിച്ച നസ്മുൾ ഇസ്ലാമിനെതിരെ ഉചിതമായ നടപടിയുണ്ടാകുമെന്നും ബോർഡ് കളിക്കാർക്ക് ഉറപ്പ് നൽകുന്നുണ്ട്.
രാജ്യത്തെ പ്രതിനിധീകരിക്കുന്നതും മുൻ പ്രതിനിധീകരിച്ചിട്ടുള്ളതുമായി എല്ലാ താരങ്ങളെയും ക്രിക്കറ്റ് ബോർഡ് ബഹുമാനത്തോടെയും ആദരവോടെയുമാണ് കാണുന്നതെന്നും അവരുടെ ക്ഷേമവും അഭിമാനവുമാണ് ബോർഡിൻറെ ആദ്യ പരിഗണനയെന്നും ബോർഡ് വ്യക്തമാക്കി. മുസ്തഫിസുർ റഹ്‌മാനെ ഐപിഎല്ലിൽ കളിക്കുന്നതിൽ നിന്ന് വിലക്കിയ ബിസിസിഐ നടപടിയെ തുടർന്ന ഇന്ത്യ-ബംഗ്ലദേശ് ക്രിക്കറ്റ് ബന്ധം ഉലഞ്ഞിരുന്നു. തുടർന്ന് ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേക്ഷണം സർക്കാർ നിരോധിച്ചിരുന്നു.
പിന്നാലെ ഈ പ്രശ്‌നങ്ങൾ പരിഹാരിക്കേണ്ടത് ചർച്ചയിലൂടെയാണെന്ന് പറയുകയായിരുന്നു ബംഗ്ലാദേശ് മുൻ താരമായ തമീം ഇഖ്ബാൽ.
Content Highlights- Bangladesh slams Nasmul islam for calling Tamim Iqbal Indian Agent