'പാലാ എന്റെ കയ്യില്‍, അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കണ്ട'; പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍

കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുന്നതില്‍ ഒരു വിയോജിപ്പുമില്ലെന്ന് മാണി സി കാപ്പന്‍

'പാലാ എന്റെ കയ്യില്‍, അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കണ്ട'; പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍
dot image

കോട്ടയം: പാലായില്‍ പ്രചാരണം തുടങ്ങാന്‍ മാണി സി കാപ്പന്‍ എംഎല്‍എ. അടുത്ത ദിവസങ്ങളില്‍ ചുവരെഴുത്ത് ആരംഭിക്കും. ചുവരെഴുത്തും പ്രചാരണങ്ങളുമായി മുന്നോട്ടു പോകാന്‍ നിര്‍ദ്ദേശം ലഭിച്ചെന്ന് മാണി സി കാപ്പന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാലായില്‍ താന്‍ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'രമേശ് ചെന്നിത്തലയോടും പ്രതിപക്ഷ നേതാവിനോടും നേരത്തെ തന്നെ സംസാരിച്ചതാണ്. അവര്‍ ആരും എന്നോട് പാലാ വിടണമെന്ന് പറഞ്ഞിട്ടില്ല. എന്റെ പാര്‍ട്ടിയുടെ മണ്ഡലമല്ലേ അത്. കേരള കോണ്‍ഗ്രസ് എം വരുന്നതിന് ഒരു വിയോജിപ്പുമില്ല. പാലാ നിയോജക മണ്ഡലം തല്‍ക്കാലം എന്റെ കയ്യില്‍ ഇരിക്കുന്നതാണ്. അത് പിടിച്ചുകൊണ്ടുപോകാന്‍ ആരും മോഹിക്കേണ്ടതില്ല', അദ്ദേഹം പറഞ്ഞു.

യുഡിഎഫിനോട് മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു. അത് നല്‍കാമെന്ന് നേതൃത്വം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് 88-90 സീറ്റുകളില്‍ അധികാരത്തില്‍ വരുമെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വരുമെന്നും പാലാ സീറ്റില്‍ മത്സരിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ യുഡിഎഫിലേക്ക് ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.

Mani C Kappan
മാണി സി കാപ്പൻ

കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെന്നും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുക എന്നതാണ് ആ നിലപാടെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തങ്ങളെ ഓര്‍ത്ത് ആരും കരയേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണം ഉറപ്പാണ്. അത് അറിഞ്ഞുകൊണ്ടാണ് മറ്റ് മുന്നണികള്‍ അവരുടെ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പാര്‍ട്ടിക്കുള്ളില്‍ പലതരത്തിലുള്ള അഭിപ്രായമുണ്ടാകാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇല്ലാത്തതെന്ന് ജോസ് കെ മാണി ചോദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം അനുസരിച്ച് പല അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. അവയെ ക്രോഡീകരിച്ച് പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ഒരു തീരുമാനം എടുത്താല്‍ അഞ്ച് എംഎല്‍എമാരും അതിനൊപ്പം നില്‍ക്കും. അക്കാര്യത്തില്‍ സംശയം വേണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.

Content Highlights: Mani C Kappan stated that he has not handed over the Pala assembly seat to anyone

dot image
To advertise here,contact us
dot image